Site iconSite icon Janayugom Online

കെ ജി ജോർജ്, നവഭാവനയുടെ ക്രാഫ്റ്റ്മാന്‍

വിജയപരാജയങ്ങൾ മാറിമാറി കടന്നുവരുമ്പോഴും ഒരിക്കലും സ്വയം ആവർത്തിക്കാതിരിക്കാൻ ശ്രമിച്ച സംവിധായകനായിരുന്നു കെ ജി ജോർജ്. അദ്ദേഹമെപ്പോഴും വ്യത്യസ്ത കഥാപരിസരങ്ങൾ തേടി. വേറിട്ട അവതരണ ശൈലികൾ പരീക്ഷിച്ചു. മലയാള സിനിമയുടെ പതിവ് വ്യാകരണ വഴികൾ തച്ചുടച്ചു. ഈ പരീക്ഷണങ്ങളിലൂടെ അദ്ദേഹം പലപ്പോഴും കാലത്തിന് മുമ്പേ സഞ്ചരിച്ചു. കുറ്റാന്വേഷണവും സൈക്കോളജിക്കൽ ത്രില്ലറുകളും ആക്ഷേപ ഹാസ്യവും കാമ്പസ് പ്രണയവും സ്ത്രീപക്ഷ സിനിമാ കാഴ്ചകളുമെല്ലാമായി ആ സിനിമാ ലോകം വിശാലമായി. സിനിമയും നാടകവും സർക്കസുമെല്ലാം കഥാപശ്ചാത്തലമായി. ഏത് പശ്ചാത്തലത്തിൽ സിനിമയൊരുക്കുമ്പോഴും അതെല്ലാം ഏറ്റവും മികച്ചതാക്കാനും കെ ജി ജോർജിന് സാധിച്ചു. അങ്ങനെ രചനാപരമായും ആവിഷ്കാരപരമായും സാങ്കേതികമായും മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് അദ്ദേഹം കൈപിടിച്ചുയർത്തുകയും ചെയ്തു.

മലയാള സിനിമയും സമൂഹവും പിന്തുടർന്ന പൊതുബോധത്തെ തകർക്കുന്നവരായിരുന്നു കെ ജി ജോർജിന്റെ സ്ത്രീ കഥാപാത്രങ്ങൾ. ക്ഷമയുടെയും സഹനത്തിന്റെയും വാർപ്പ് മാതൃകകളാക്കി സ്ത്രീകളെ മഹത്വവല്‍ക്കരിക്കുന്ന സമൂഹത്തിന്റെ കുലസ്ത്രീ സങ്കല്പങ്ങളെ കാലത്തിന് മുമ്പേ തന്നെ അദ്ദേഹം ചോദ്യം ചെയ്തു. സർവംസഹയായിരുന്നില്ല അദ്ദേഹത്തിന്റെ സ്ത്രീകൾ. അവർ തങ്ങളുടെ പ്രണയവും കാമവും തുറന്നു പറഞ്ഞു. വേട്ടക്കാരന്റെ മനസുള്ള ഭർത്താവിനോടുള്ള പ്രതികാരം മറ്റൊരാളുമായുള്ള പ്രണയത്തിലൂടെ തീർത്തു. ക്രൂരമായി പീഡിപ്പിച്ചവനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. സ്ത്രീകൾ ദേവതകളല്ലെന്നും മജ്ജയും മാംസവും കണ്ണീരും സന്തോഷവും ആസക്തികളുമെല്ലാമുള്ള മനുഷ്യർ മാത്രമാണെന്നും കഥാപാത്രങ്ങൾ തുറന്നുകാട്ടി. ആണധികാരത്തിന്റെ ലോകത്ത് വിധേയരാക്കപ്പെട്ട സ്ത്രീകളിൽ നിന്നാണ് യവനികയിലെ രോഹിണിയും ആദാമിന്റെ വാരിയെല്ലിലെ ആലീസുമെല്ലാം രൂപപ്പെടുന്നത്.

സ്ത്രീയെ ശരീരം മാത്രമായി കാണുന്ന യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ രോഹിണിയുടെ നിസഹായതകളെയാണ് ചൂഷണം ചെയ്യുന്നത്. അയാളവളെ ബലമായി കീഴ്പ്പെടുത്തുന്നു. അന്നത് സംഭവിച്ചു പിന്നെയവിടെ തുടരണമായിരുന്നോ എന്ന അയ്യപ്പന്റെ തിരോധാനം അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം ഇന്നും പല കോണുകളിൽ നിന്നും ഉയരുന്നത് നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണ്. പുരുഷകേന്ദ്രിതമായ സമൂഹത്തിന്റെ അധികാരഘടനയിൽ സ്ത്രീ പലപ്പോഴും കുരുങ്ങിപ്പോകുന്നുണ്ടെന്ന് യവനികയിലൂടെ കെ ജി ജോർജ് അന്നേ പറഞ്ഞുവയ്ക്കുന്നു. ഹവ്വയെ സൃഷ്ടിച്ച ആദാമിന്റെ വാരിയെല്ല് പുരുഷാധിപത്യത്തിന്റെ പ്രതീകമാണ്. ആ പ്രതീകത്തിൽ നിന്നാണ് മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല് ഒരുക്കുന്നത്.

 

 

സി വി ബാലകൃഷ്ണന്റെ രചനയായിരുന്നു മറ്റൊരാൾ. ദാമ്പത്യത്തെയും സ്ത്രീ-പുരുഷ ബന്ധങ്ങളെയും കുറിച്ച് ആദ്യചിത്രമായ സ്വപ്നാടനത്തിൽ ആരംഭിച്ച സൂക്ഷ്മമായ നിരീക്ഷണം ഏറ്റവും ശക്തമാകുന്നത് ഈ ചിത്രത്തിലായിരുന്നു. പുറമെ സുന്ദരമെന്ന് തോന്നുന്ന ദാമ്പത്യബന്ധങ്ങൾക്കുള്ളിലെ നെരിപ്പോടുകൾ ‌ചിത്രം പ്രേക്ഷകരെ അനുഭവിപ്പിച്ചു. മനുഷ്യമനസിലെ ക്രൂരതയെ അതിഗംഭീരമായി വരച്ചുകാട്ടിയ ചിത്രമായിരുന്നു ഇരകൾ. ആദർശവല്‍ക്കൃതമായ സങ്കല്പങ്ങളിൽ ഒളിച്ചുവയ്ക്കപ്പെട്ട കുടുംബഘടനയുടെ അധികാര സ്വഭാവത്തെ ചിത്രം തുറന്നുകാട്ടി. കുടുംബത്തിന്റെ കഥ പറഞ്ഞ് ഭരണകൂടത്തെ തന്നെ വിശകലനം ചെയ്യാനും സംവിധായകൻ ശ്രമിച്ചു. മികച്ച രാഷ്ട്രീയ ചിത്രമായാണ് ഇരകൾ സ്വീകരിക്കപ്പെട്ടതെന്നും തന്റെ സിനിമകളിൽ ഏറിയും കുറഞ്ഞുമുണ്ടായിരുന്ന വയലൻസ് അതിന്റെ പരമാവധിയിലേക്ക് വന്നത് ഈ ചിത്രത്തിലായിരുന്നെന്നും സംവിധായൻ വ്യക്തമാക്കിയിട്ടുണ്ട്.

ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം കൈകാര്യം ചെയ്ത രാഷ്ട്രീയം വളരെ സൂക്ഷ്മമായിരുന്നു. ഐരാവതക്കുഴി എന്ന പഞ്ചായത്ത് നമ്മുടെ രാജ്യം തന്നെയാണെന്ന് ചിത്രം ഓർമ്മപ്പെടുത്തി. കേടുപാടുകളില്ലാത്ത പാലം പൊളിച്ചുമാറ്റി ദുർബലമായ മറ്റൊരു പാലം കെട്ടിയുയർത്തുമ്പോൾ സമൂഹത്തിൽ ആണ്ടിറങ്ങിയ ചതിക്കുഴികൾ അവസാനിക്കുന്നില്ലെന്ന് ചിത്രം വ്യക്തമാക്കി. ഉൾക്കടൽ പ്രേക്ഷകരുടെ മനസിൽ നിറച്ചത് പ്രണയത്തിന്റെ നനുത്ത ആർദ്രതയായിരുന്നു. ജോർജ് ഓണക്കൂറിന്റെ നോവൽ സിനിമയാക്കിയപ്പോൾ പ്രണയത്തിന്റെയും വിരഹത്തിന്റെയും കടലിരമ്പമായി. ശ്രീധരൻ ചമ്പാടിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ മേളയിലായിരുന്നു മമ്മൂട്ടിയുടെ ആദ്യത്തെ ശ്രദ്ധേയമായ വേഷം. സർക്കസ് കൂടാരവും ഒരു കോമാളിയുടെ ജീവിതവും പറ‍ഞ്ഞ മേള മികച്ച വിജയം നേടി. പി ജെ ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കിയാണ് കോലങ്ങൾ. ഗ്രാമീണമായ ഒരു കഥ ഒട്ടും വർണ്ണപ്പകിട്ടില്ലാതെ അവതരിപ്പിക്കുകയായിരുന്നു ജോർജ്. നടി ശോഭയുടെ ആത്മഹത്യയാണ് ‘ലേഖയുടെ മരണം: ഒരു ഫ്ളാഷ് ബാക്ക്’.

Eng­lish Summary:KG George, Crafts­man of Innovation
You may also like this video

Exit mobile version