Site iconSite icon Janayugom Online

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര നടപടിയെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. പിഎഫ്ഐ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷ ഭാര്യ മുഖേനെയാണ് കോടതിയെ സമീപിച്ചത്. പാഷ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഹർജി തള്ളിയത്. കേസിലെ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം തിങ്കളാഴ്ച ഹൈക്കോടതി വിധി പറയാൻ മാറ്റി വച്ചിരുന്നു. കര്‍ണാടക സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം 2007-08 വര്‍ഷം പിഎഫ്ഐ രജിസ്റ്റര്‍ ചെയ്തതായി ഹര്‍ജിയില്‍ പറയുന്നു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉന്നമനത്തിനായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്.

നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ ഭാര്യ മുഖേനെയായിരുന്നു കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. നിരോധനം ഏർ‌പ്പെടുത്തുന്നതിന് മുൻപ് വ്യക്തമായ കാരണങ്ങൾ അധികാരികൾ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഹർജിക്കാർ വാദിച്ചു.

എന്നാല്‍ നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജിയെ എതിർത്തുകൊണ്ട് വ്യക്തമാക്കി.
പിഎഫ്ഐക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളെയുമാണ് യുഎപിഎ നിയമം വച്ച് അഞ്ചു വർഷത്തേക്ക് നിരോധിച്ചത്. സെപ്റ്റംബറിലായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഉത്തരവ് ഇറങ്ങിയത്.

Eng­lish Sum­ma­ry: Kar­nata­ka High Court Dis­miss­es Peti­tion Ques­tion­ing Ban On Pop­u­lar Front
You may also like this video

Exit mobile version