ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കെ കാനഡയിലെ ഇന്ത്യന്‍ കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഖലിസ്ഥാന്‍ സംഘടനകളുടെ പ്രതിഷേധം. ഒട്ടാവയില്‍ ഇന്ത്യൻ ഹൈകമ്മിഷന് മുന്നിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റിനു മുന്നിലും ഖലിസ്ഥാൻ അനുകൂല സംഘടനകള്‍ പ്രതിഷേധം നടത്തി.
ടൊറന്റോയില്‍ ഇന്ത്യൻ പതാക പ്രതിഷേധക്കാര്‍ കത്തിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കട്ട് ഔട്ടിലേക്ക് ചെരുപ്പെറിയുകയും ചെയ്തു. ഖലിസ്ഥാൻ പതാകയുമേന്തിയായിരുന്നു പ്രകടനങ്ങള്‍. പ്രതിഷേധക്കാര്‍ വിഘടന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കൊലപാതകവുമായി ഇന്ത്യൻ സര്‍ക്കാരിനുള്ള പങ്കിനെ പ്രതിഷേധക്കാര്‍ അപലപിച്ചു.
നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ ബന്ധം ആരോപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ ഹൈകമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെ പുറത്താക്കണമെന്ന് സിഖ് ഫോര്‍ ജസ്റ്റിസ് ഇൻ കാനഡ നേതാവ് ജതീന്ദര്‍ സിങ് ഗ്രേവല്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കനേഡിയൻ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
English Summary: Khalistan protests against Indian offices
You may also like this video