യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശജനായ മാധ്യമപ്രവർത്തകന്‍ ലളിത് ഝായെ ഖലിസ്ഥാനികള്‍ ആക്രമിച്ചു.
ഖലിസ്ഥാന്‍ അനുകൂലികള്‍ ശാരീരികമായി ആക്രമിക്കുകയും വാക്കാൽ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പിടിഐ ജീവനക്കാരനായ ലളിത് പറയുന്നു. ആക്രമിച്ചവരുടെ വീഡിയോ ലളിത് ട്വിറ്ററിലൂടെ പങ്കുവച്ചു. പ്രതിഷേധക്കാര്‍ വടി കൊണ്ട് ചെവിയിൽ അടിച്ചെന്നും തുടർന്ന് പൊലീസിനെ വിളിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുള്ളപ്പോഴാണ് അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് ഖലിസ്ഥാന്‍ കൊടി വീശി പ്രതിഷേധക്കാര്‍ എംബസിയുടെ പരിസരത്തേക്ക് എത്തിയത്. എംബസി തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ഇവര്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിങ് സന്ധുവിനെയും ഭീഷണിപ്പെടുത്തിയെന്ന് ലളിത് പറഞ്ഞു.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനായി പൊലീസ് തിരച്ചില്‍ തുടരുന്ന സാഹചര്യത്തിലാണ് വിദേശരാജ്യങ്ങളില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. നേരത്തെ ലണ്ടനിലെയും ടൊറന്റോയിലെയും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. കൂടാതെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണമുണ്ടായിരുന്നു.
അതിനിടെ ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു നടപടി. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാകുമെന്ന പ്രതീക്ഷ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പങ്കുവച്ചു.
English Summary: Khalistan protests in Washington too
You may also like this video