Site iconSite icon Janayugom Online

വെടിനിര്‍ത്തലിനു ശേഷം ആദ്യമായി ഖമനേയി പൊതുവേദിയിലെത്തി

ഇസ്രയേലുമായുള്ള വെടിനിർത്തലിനു ശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി. ഷിയാ മുസ്ലിങ്ങൾ അതീവ പ്രാധാന്യം നൽകുന്ന അഷൂറ ദിവസത്തിലാണ് ഖമനേയി പ്രത്യക്ഷപ്പെട്ടത്. തലസ്ഥാനമായ ടെഹ്റാനിൽ തന്റെ വസതിയോട് ചേർന്നുള്ള പള്ളിയിലേക്ക് അദ്ദേഹം വരുന്നതും ജനങ്ങളെ കൈവീശിക്കാട്ടുന്നതുമായ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു.
പരമ്പരാഗതമായ കറുത്ത മേൽ വസ്ത്രവും വെളുത്ത കള്ളി സ്കാർഫും ധരിച്ചാണ് ഖമനേയി എത്തിയത്. അതേസമയം അദ്ദേഹം എന്തെങ്കിലും പ്രസ്താവനകൾ നടത്തിയതായി റിപ്പോർട്ടുകളില്ല. പാർലമെന്റ് സ്പീക്കറടക്കമുള്ള ഇറാൻ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. 

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ജൂൺ 26ന് ഖമനേയിയിൽ നിന്ന് ആദ്യ പരസ്യ പ്രസ്താവന പുറത്ത് വന്നിരുന്നു. ഖത്തറിലെ അമേരിക്കൻ വ്യോമത്താവളങ്ങൾ ആക്രമിച്ച് കൊണ്ട് യുഎസിന്റെ മുഖത്ത് ശക്തമായി പ്രഹരിച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇസ്രയേലോ അമേരിക്കയോ ഇനി ഇറാനിൽ ആക്രമണം നടത്തരുതെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നൽകിയതെന്നും ഖമനേയി പറഞ്ഞു. 12 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തിനിടെ ഖമനേയിയെ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഇല്ലാത്ത ഒരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതീവ വിശ്വസ്തരായ ആളുകൾ മാത്രമാണ് കൂടെയുണ്ടായത്. ഖമനേയിയെ കൊലപ്പെടുത്തുമെന്ന സൂചന അമേരിക്ക നൽകിയതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഇത്. 

Exit mobile version