ഖേലോ ഇന്ത്യ വനിതാ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് തിരുവനന്തപുരം കാര്യവട്ടത്ത് തുടക്കമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കാര്യവട്ടം എൽഎൻസിപി വെലോഡ്രോമിൽ നടക്കുന്ന മത്സരങ്ങൾ ഒളിമ്പ്യൻ കെ എ ബീനാമോൾ ഫ്ലാഗ് ഓഫ് ചെയ്തു.
ചാമ്പ്യൻഷിപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 150ലധികം സൈക്ലിങ് മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. വിമൺ എലൈറ്റ്, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വെള്ളിയാഴ്ചയാണ് ഫൈനൽ മത്സരങ്ങൾ. മൂന്നു ലക്ഷം രൂപയാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനമായി ലഭിക്കുക. എൽഎൻസിപി ഡയറക്ടർ ദണ്ഡപാണി, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ, കേരള സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ് എസ് എസ് സുധീഷ് കുമാർ, സെക്രട്ടറി ബി ജയപ്രസാദ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.