മോഡലും ഇൻഫ്‌ളുവൻസറുമായ ഖുഷ്ബു അഹിർവാറിൻ്റെ (27) മരണത്തിൽ കാമുകനായിരുന്ന കാസിം ഹുസൈനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മതസ്വാതന്ത്ര്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.‘ഡയമണ്ട് ഗേൾ’ എന്നറിയപ്പെട്ടിരുന്ന ഖുശ്ബുവിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് നടപടി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഖുശ്ബു മരിച്ചത്. യാത്ര ചെയ്യുന്നതിനിടെ ബസിൽവെച്ച് നില ഗുരുതരമാവുകയും തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, ഖുശ്ബു മരിക്കുമ്പോൾ ഗർഭിണി ആയിരുന്നതായി വ്യക്തമാക്കുന്നു. ഗർഭധാരണവുമായി ബന്ധപ്പെട്ടുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നര വർഷങ്ങൾക്ക് മുൻപും ഖുശ്ബു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. കാസിം മകളെ വഞ്ചിച്ചു എന്നായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി. ഒന്നര വർഷമായി ഖുശ്ബുവും കാസിമും ഒരുമിച്ചാണ് താമസം. കാസിം നഗരത്തിൽ ഒരു കഫേ നടത്തുകയാണ്. ഖുശ്ബു മരിക്കുമ്പോൾ കൂടെയുണ്ടായിരുന്ന കാസിം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

