Site iconSite icon Janayugom Online

നടൻ ജി കൃഷ്ണകുമാറിനും മകൾക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ കേസ്; നടപടി മകളുടെ ജീവനക്കാരുടെ പരാതിയിൽ

നടനും ബി ജെ പി നേതാവുമായ ജി കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്‌ക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സാമ്പത്തിക തട്ടിപ്പ് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എട്ടു ലക്ഷത്തോളം രൂപ കവർന്നു എന്നാണ് പരാതി. തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്തിട്ടുള്ളത്. 

അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ആരോപിച്ച് ജീവനക്കാർക്കെതിരെ ജി കൃഷ്ണകുമാറും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ മൂന്ന് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ക്യു ആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഈ മൂന്ന് ജീവനക്കാരിൽ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചും പരാതി ലഭിച്ചിട്ടുണ്ട്. ഇതിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് ആകെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

Exit mobile version