Site iconSite icon Janayugom Online

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊടുവള്ളിയിൽ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ശനിയാഴ്ചയാണ് കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ അജ്മൽ റോഷൻ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അനൂസ് റോഷന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അജ്മൽ റോഷൻ പലരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഈ തുക തിരികെ ചോദിച്ച് പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. 

ഈ തർക്കം നിലനിൽക്കെയാണ് തട്ടിക്കൊണ്ടുപോൽ നടന്നത്. കാറിൽ യുവാവുമായി പോകുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസി ടി വിയിൽ പതിഞ്ഞിരുന്നു. രണ്ടു വാഹനങ്ങളിലായാണ് സംഘം വീട്ടിൽ വന്നതെന്നും അനൂസിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിച്ചതെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് അനൂസിനെ സംഘം പിടിച്ചുകൊണ്ടുപോയതെന്നുമാണ് വീട്ടുകാരുടെ പ്രതികരണം. താമരശ്ശേരി ഡിവൈഎസ് പി സുഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഫോട്ടോയിൽ കാണുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Exit mobile version