കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടിപിടിയില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള കര്‍ണാടക അതിര്‍ത്തിയില്‍ വച്ചാണ് പിടിയിലാകുന്നത്. ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുള്ളതായാണ് വിവരം. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തു. മുഹമ്മദിനെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കൊടുവള്ളി കിഴക്കോത്തെ റഷീദിന്റെ മകൻ അനൂസ് റോഷനെ മെയ് 17നാണ് ആയുധങ്ങളുമായി കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ അന്വേഷിച്ച് പൊലീസ് മലപ്പുറം, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് എത്തിയതോടെ കർണാടകത്തിലേക്ക് യുവാവുമായി സംഘം കടന്നുകളയുകയായിരുന്നു. പൊലീസിന്റെ പിടിയിൽ അകപ്പെടുമെന്ന് മനസിലായതോടെ സംഘം യുവാവിനെ ടാക്സി വിളിച്ച് മലപ്പുറം കൊണ്ടോട്ടിയിൽ എത്തിച്ചു. കാണാതായി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

