Site iconSite icon Janayugom Online

ബുദ്ധിഭ്രമമുള്ളവരെ തട്ടിക്കൊണ്ടുപോകുന്നു

modimodi

ന്വേഷണപാടവത്തില്‍ ലോകോത്തരമാണ് കേരളാ പൊലീസ്. എന്നിട്ടും ബുദ്ധിഭ്രമമുള്ളവരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. ഏതാനും ദിവസം മുമ്പ് ഒരു വാര്‍ത്ത വന്നിരുന്നു. തമിഴ്‌ നാടോടികള്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ഹൃദയം, കിഡ്നി, കണ്ണുകള്‍ എന്നിവ മുറിച്ചെടുത്ത് ഭരണികളില്‍ നിറയ്ക്കുന്നതിനിടെ പൊലീസ് പിടിയിലായെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലായി ബിജെപി നാടോടികള്‍ ചിലരെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയുമുണ്ട്. അനില്‍ ആന്റണി, പി സി ജോര്‍ജ്, പത്മജാ വേണുഗോപാല്‍, സി രഘുനാഥ് തുടങ്ങിയ രാഷ്ട്രീയ ബുദ്ധിഭ്രമം ബാധിച്ചവരുടെ അവയവങ്ങളെല്ലാം മുറിച്ചുമാറ്റിയത് മിസെെല്‍ വേഗത്തിലായിരുന്നു. എന്നിട്ട് അവശിഷ്ടങ്ങളെ തെരഞ്ഞെടുപ്പ് ഗോദകളിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. അവയവങ്ങള്‍ നീക്കം ചെയ്തുവെങ്കിലും ആ കബന്ധങ്ങള്‍ മോഡി മാജിക്കില്‍ സംസാരിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമ്പോഴേക്കും തട്ടിക്കൊണ്ടുപോകല്‍ മൂര്‍ധന്യത്തിലെത്തുമെന്ന് മോഡിയുടെ ഗ്യാരന്റിയുമുള്ളതിനാല്‍ കേരളാ പൊലീസ് ജാഗ്രത പാലിക്കണമെന്ന് അപേക്ഷിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കപ്പെട്ടേക്കാം. മുന്നറിയിപ്പ് നല്‍കുന്നത് അടുത്തകാലം വരെ മോഡിയുടെ വലംകയ്യായിരുന്ന മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലി‌ക്ക്.


ഇതുകൂടി വായിക്കൂ:  മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ വേണ്ടി ഹിന്ദു വോട്ടുകള്‍ തടുത്തുകൂട്ടാന്‍ രാമക്ഷേത്രാക്രമണം ആസൂത്രണം ചെയ്യാന്‍ മോഡി മടിക്കില്ലെന്ന് അദ്ദേഹം ആണയിടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശസ്നേഹം ആയുധമാക്കാന്‍ പുല്‍വാമയില്‍ 43 വീരസെെനികരെ കുരുതികൊടുത്ത ഉദാഹരണം മാലിക് ഓര്‍മ്മിപ്പിക്കുന്നു. കൂട്ടക്കുരുതി കഴിഞ്ഞയുടന്‍ ഇന്ത്യന്‍ വ്യോമസേനയെ പ്രത്യാക്രമണത്തിനയയ്ക്കുന്നു. വായുസേനയുടെ ബോംബര്‍ വിമാനങ്ങള്‍ പാകിസ്ഥാനിലെ അഞ്ചാറ് മരങ്ങള്‍ ബോംബിട്ട് തകര്‍ത്ത ശേഷം മടങ്ങിയെത്തുന്നു. എന്നിട്ട് മോഡി വിളിച്ചുകൂവുന്നു; ‘ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രെെക്ക്, പാകിസ്ഥാന്‍ വെന്തെരിയുന്നു.’ പക്ഷെ വെന്തെരിഞ്ഞത് അഞ്ചാറ് മരങ്ങള്‍ മാത്രം. അതിലൂടെ ആളിക്കത്തിയ ദേശസ്നേഹം മുതലാക്കി വോട്ടുനേടി ജയിക്കുന്നു. വിജയത്തിന് വേണ്ടി രാമക്ഷേത്രമല്ല പാര്‍ലമെന്റും ദ്വാരകാക്ഷേത്രവും ബോംബിട്ട് തകര്‍ത്ത് വിശ്വാസം കത്തിക്കാളിച്ച് വോട്ട് തട്ടാന്‍ മോഡി മടിക്കില്ലെന്ന് സത്യപാല്‍ മാലിക്കിന്റെ സത്യകഥനം. കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മോഡി മഹാരാജ് മറ്റൊരു തന്ത്രം കൂടി പയറ്റി. ഹിമാലയത്തിലെ കേദാര്‍നാഥ് ഗുഹകളില്‍ തപസനുഷ്ഠിക്കുന്നു. ഗുഹകളെന്നാല്‍ പാമ്പും പഴുതാരയും ചിലന്തിയുമെല്ലാം തിമിര്‍ത്തുനടക്കുന്ന ദുര്‍ഘട സ്ഥലങ്ങളാണ്. ഈ സ്ഥലത്താണല്ലോ മോഡി രാജ്യത്തെ ജനങ്ങളുടെ ഐശ്വര്യത്തിനായി തപസനുഷ്ഠിക്കുന്നതെന്ന് ജനം കരുതി.


ഇതുകൂടി വായിക്കൂ: കിരീട വഴിപാടും ചില സന്ദര്‍ഭോചിത ഭക്തിപാരവശ്യവും


മോഡിയുടെ തപസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകമാസകലമുള്ള മാധ്യമ സേനയുമെത്തി. തപസെന്നാല്‍ സഹനത്തിന്റെ മഹാപര്‍വമാണ്. പക്ഷേ മോഡി വന്നത് ആഡംബര ഹെലികോപ്റ്ററില്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഗുഹവരെ പരവതാനി. പ്രധാനമന്ത്രിയുടെ കാലില്‍ കല്ലും മുള്ളും പതിക്കരുതല്ലോ. ഗുഹയാണെങ്കില്‍ ഒരു സപ്ത നക്ഷത്ര ഹോട്ടലിലെ ആഡംബര സ്യൂട്ടിന് സമാനം. അഞ്ച് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള കിടപ്പുമുറി. മൂന്ന് മീറ്റര്‍ നീളമുള്ള കക്കൂസ്. ഇന്റര്‍നെറ്റും ടെലിഫോണും വെെദ്യുതാലംകൃതവുമായ ഹെെടെക് ഗുഹ. ഹെെടെക് ധ്യാനം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴാണ് ഈ അത്യാധുനിക ഗുഹയെക്കുറിച്ച് നാട്ടാരറിയുന്നത്. ഉത്തരഖണ്ഡ് ടൂറിസം വകുപ്പ് ഒരുക്കിയ ഈ ഗുഹ ഇപ്പോള്‍ വാടകയ്ക്ക് നല്‍കുന്നു. മോഡി മഹാരാജ് താമസിച്ച ഗുഹ വാടകയ്ക്ക് നല്‍കപ്പെടും എന്ന ബോര്‍ഡും തൂക്കിയിട്ടുണ്ട്. ഒരു ദിവസത്തെ വാടക ഒരു ലക്ഷം. നാട്ടുകാരെ കബളിപ്പിക്കാന്‍ വ്യാജ ധ്യാനവും നക്ഷത്ര ഗുഹയും സംഘടിപ്പിച്ച മോഡിയെക്കാള്‍ വലിയ നടന്‍ വേറെയുണ്ടോ. പണ്ട് കൊട്ടാരക്കര നെടുവത്തൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സി അച്യുതമേനോന്‍ മത്സരിക്കുമ്പോള്‍ പ്രവര്‍ത്തകരോട് ഓര്‍മ്മിപ്പിച്ച ഒരു കാര്യമുണ്ട്; ‘ജനങ്ങളോട് താഴ്മയായി മാത്രമേ വോട്ട് അഭ്യര്‍ത്ഥിക്കാവൂ. നാം അവരുടെ ദാസന്മാരാണ്’. പ്രശസ്ത കഥാപ്രസംഗകന്‍ കടയ്ക്കോട് വിശ്വംഭരന്‍ തന്റെ പഴയ അംബാസഡര്‍ കാറില്‍ രണ്ടുമൂന്ന് വൃദ്ധരെയും കൂട്ടി വോട്ട് ചെയ്യാന്‍ ഇടയ്ക്കിടം ബൂത്തിലെത്തി. എഐഎസ്എഫ് നേതാവ് ഇടയ്ക്കിടം ഗോപിയടക്കമുള്ളവര്‍ വൃദ്ധരെ കയ്യില്‍ താങ്ങിപ്പിടിച്ച് ബൂത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിനിടെ ആ വൃദ്ധ വോട്ടര്‍ ഗോപിയുടെ മേല്‍ അറിയാതെ മൂത്രമൊഴിച്ചുപോയി. ശ്ശെ ഇതെന്ത് കഷ്ടം എന്നുപോലും ഗോപി ഉരിയാടിയില്ല. കാരണം വോട്ടര്‍മാരുടെ ദാസന്മാരാണല്ലോ നാം. അച്യുതമേനോന്റെ ആ ഓര്‍മ്മപ്പെടുത്തല്‍ ഇന്നും എല്ലാ സ്ഥാനാര്‍ത്ഥികളും അക്ഷരംപ്രതി പാലിക്കുന്നു. വെെരാഗ്യബുദ്ധിയോടെ തങ്ങളെ എതിര്‍ക്കുന്നവരുടെ കാലില്‍ വീണാണ് വോട്ട് യാചന. ചിലരുടെ കവിളില്‍ ചുംബിക്കും. കാരണം ജനമല്ലേ യജമാനന്‍.


ഇതുകൂടി വായിക്കൂ: അഭിനവ അവതാരങ്ങളും മോഡേണ്‍ തപസ്യയും


എന്നാല്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി ആ കീഴ്‌വഴക്കം തൂത്തെറിഞ്ഞിരിക്കുന്നു. താനാണ് യജമാനന്‍. വോട്ടര്‍മാരെല്ലാം തന്റെ പ്രജകള്‍. മിനിഞ്ഞാന്ന് ഗോപി മണ്ഡലപര്യടനത്തിനിറങ്ങി. എങ്ങും മനുഷ്യന്റെ പൊടിപോലുമില്ല. ഒരു സ്ഥലത്ത് ചെന്നപ്പോള്‍ നാലഞ്ച് പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളുമായി അവിടുണ്ട്. സ്ഥാനാര്‍ത്ഥിയെ കാണാനല്ല, നടന്‍ ഗോപിയെക്കാണാന്‍. കാര്‍ നിര്‍ത്തിയ ഗോപി കാറിനുള്ളിലിരുന്നുകൊണ്ട് തന്നെ ശകാരവര്‍ഷമായി; ‘ഇങ്ങനെയെങ്കില്‍ ഞാന്‍ തൃശൂരില്‍ കളിക്കാനില്ല. എവിടെ ആള്‍ക്കൂട്ടം. വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ത്തോ, ഇതാണ് സ്ഥിതിയെങ്കില്‍ ഞാന്‍ ഇന്നുതന്നെ ട്രിവാന്‍ഡ്രത്തേക്ക് പോയി രാജീവ് ചന്ദ്രശേഖറിനുവേണ്ടി വോട്ട് പിടിച്ചോളാം.’ കൂടിനിന്ന പെണ്ണുങ്ങള്‍ അന്തം വിട്ട് പരസ്പരം നോക്കി; ‘എടാ ശവീ ഞങ്ങള്‍ തന്റെ വോട്ടര്‍മാര്‍ പോലുമല്ല. ഞങ്ങളെല്ലാം സുനില്‍കുമാറിന്റെ പ്രവര്‍ത്തകരാണ്. തന്നെയൊന്ന് കാണാന്‍ വന്നതാ. അതിനാണോ ഈ ശകാരമൊക്കെ. താന്‍ പോടോ ട്രിവാന്‍ഡ്രത്തേക്കോ ഏത് നരകത്തിലോ’. പിന്നെ തൃശൂര്‍ ഭാഷയില്‍ രണ്ട് പുളിച്ച തെറിയും! പ്രജയാകേണ്ടവന്‍ രാജാവ് ചമഞ്ഞാല്‍ ഇങ്ങനെയൊക്കെയിരിക്കും. ഗോപിയുടെ ചെമ്പ് തെളിഞ്ഞതോടെ ഇപ്പോള്‍ മേല്‍പ്പടിയാന്‍ വിശദീകരിച്ച് വീണ്ടും വഷളാവുന്നു; സ്നേഹമുള്ളവരെ ശകാരിക്കാനും തനിക്ക് അവകാശമുണ്ടെന്ന്. വോട്ടര്‍മാരെ ശകാരിക്കാന്‍ ഈ നടന് എന്തവകാശം!

Exit mobile version