വിഷക്കൂൺ കലർത്തിയ ഭക്ഷണം നൽകി മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ ഓസ്ട്രേലിയൻ വനിതയായ എറിൻ പാറ്റേഴ്സണിന് (50) ജീവപര്യന്തം തടവ്. 2023 ജൂലൈ 29ന് വീട്ടിൽ ഉച്ചഭക്ഷണത്തിന് വിളമ്പിയ ബീഫ് വെല്ലിംഗ്ടൺ എന്ന വിഭവത്തിലാണ് ഇവർ മാരകമായ ‘ഡെത്ത് ക്യാപ്’ വിഷക്കൂൺ കലർത്തിയത്.
എറിൻ പാറ്റേഴ്സണിന്റെ മുൻഭർത്താവ് സൈമണിൻ്റെ മാതാപിതാക്കളായ ഡോൺ പാറ്റേഴ്സൺ, ഗെയ്ൽ പാറ്റേഴ്സൺ, അടുത്ത ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരാണ് ഭക്ഷണം കഴിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ മരിച്ചത്. തനിക്ക് കാൻസറാണെന്നും ആ വിവരം പറയാനുണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് എറിൻ ഇവരെ വീട്ടിലേക്ക് ക്ഷണിച്ചത്. അതേസമയം, മുൻഭർത്താവ് സൈമണിനെയും ക്ഷണിച്ചിരുന്നെങ്കിലും അയാൾ പിന്മാറിയതിനാൽ രക്ഷപ്പെട്ടു. മൂന്ന് പേരുടെയും മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടികളെ ആർക്കൊപ്പം നിർത്തണം എന്ന കാര്യത്തിൽ ഭർത്താവിന്റെ വീട്ടുകാരുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തി. 10 ആഴ്ച നീണ്ട വിചാരണയ്ക്കൊടുവിലാണ് എറിൻ പാറ്റേഴ്സണിന് ശിക്ഷ വിധിച്ചത്. ജീവപര്യന്ത കാലയളവിൽ 33 വർഷത്തേക്ക് അവർക്ക് പരോൾ ലഭിക്കില്ല.

