Site iconSite icon Janayugom Online

കിളികൊല്ലൂര്‍ മര്‍ദനം; നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിപിഒ മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
ദക്ഷിണമേഖലാ ഡിഐജി കൊല്ലം സിറ്റി പൊലീസ് കമ്മിഷണറോട് വിശദീകരണം തേടിയതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് പൊലീസുകാരെ പ്രാഥമികാന്വേഷണത്തിനെ തുടര്‍ന്ന് സ്ഥലംമാറ്റിയിരുന്നു. കിളികൊല്ലൂർ സ്റ്റേഷനിലെ എസ്ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയർ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വി ആർ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ആരോപണ വിധേയരായ പലര്‍ക്കെതിരെയും നടപടി സ്വീകരിക്കാത്തത് ഇതിനിടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.പൊലീസിന്റെ ക്രൂരതയും ഇരുവരും മജിസ്ട്രേറ്റിനു മുന്നിൽ വിവരിച്ചു. ഇതിനുപിറകെയാണ് ഡിഐജിയുടെ ഇടപെടല്‍.

സൈനികനായ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനുമാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് മര്‍ദ്ദനമേറ്റത്. കരിക്കോട് ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 25ന് ദമ്പതിമാരടക്കം നാലുപേരെ എംഡിഎംഎയുമായി കിളികൊല്ലൂർ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഹരിവസ്തു വാങ്ങി ഉപയോഗിച്ച യുവാവ് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് ദമ്പതിമാരടക്കം നാലുപേരെ പിടികൂടിയത്. ഇവരെ സ്റ്റേഷനില്‍ കാണാനെത്തിയതാണ് സൈനികനും സഹോദരനും. എന്നാല്‍ സ്റ്റേഷനിൽ അതിക്രമിച്ചുകടന്ന് പൊലീസുകാരനെ ആക്രമിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

വസ്തുത മറച്ചുവച്ച് പൊലീസുകാർ നാടകീയമായ തിരക്കഥചമച്ച് പത്രങ്ങൾക്ക് റിപ്പോർട്ടുകൾ നൽകുകയായിരുന്നെന്ന് വിഘ്നേഷ് ആരോപിച്ചു. എംഡിഎംഎ കേസിൽപ്പെട്ടവരാണ് തങ്ങളെന്ന് പൊലീസ് ചിത്രീകരിച്ചു. ക്രൂരമർദ്ദനത്തിനുശേഷം 12 ദിവസം റിമാൻഡ് ചെയ്തു. കേസിൽപ്പെട്ടതോടെ സൈനികനായ വിഷ്ണുവിന്റെ നിശ്ചയിച്ച വിവാഹം മുടങ്ങി. പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ ശാരീരിക കായികക്ഷമതാപരീക്ഷയിൽ പങ്കെടുക്കാനും കഴിയാതെയായി.

Eng­lish Summary:Killikollur mas­sacre; Sus­pen­sion of four policemen
You may also like this video

YouTube video player
Exit mobile version