Site iconSite icon Janayugom Online

കിം ജോങ് ഉൻ ചൈനയിൽ; ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കും

ചൈനീസ് സൈനിക പരേഡിൽ പങ്കെടുക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ബെയ്ജിങ്ങിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർക്കൊപ്പം കിം ജോങ് ഉൻ വേദി പങ്കിടും. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിൻ്റെയും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്തുനിൽപ്പിൻ്റെയും ഓർമ്മയ്ക്കായി ബുധനാഴ്ച ടിയാൻമെൻ സ്ക്വയറിലാണ് സൈനിക പരേഡ് നടക്കുക.

അമേരിക്കൻ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന മൂന്ന് നേതാക്കൾ ഒരേ വേദിയിൽ എത്തുന്നത് ലോകശ്രദ്ധ ആകർഷിക്കുന്നുണ്ട്. ത്രികക്ഷി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ, പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. 2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉൻ ചൈന സന്ദർശിക്കുന്നത്. വിദേശകാര്യ മന്ത്രി ചോ സൺ ഹുയി അടക്കമുള്ള ഉന്നതതല സംഘം കിം ജോങ് ഉന്നിനൊപ്പം ചൈനയിലെത്തിയിട്ടുണ്ട്.

Exit mobile version