ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മറ്റൊരു റെക്കോർഡ് തകര്‍ത്ത് ക്രിക്കറ്റ് രാജാവ് വിരാട് കോലി. ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിങ്ങിനിടെ രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 28,000 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിലെ 624 ഇന്നിങ്സുകളിൽനിന്നാണ് കോലി 28,000 റണ്‍സിലെത്തിയത്.
സച്ചിന്‍ തെൻഡുൽക്കര്‍ക്ക് 28,000 കടക്കാൻ 644 ഇന്നിങ്സുകളാണു വേണ്ടിവന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ മാത്രം താരമാണു വിരാട് കോലി. സച്ചിനും കോലിക്കും പുറമേ ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലെ 666 ഇന്നിങ്സുകൾ എടുത്താണ് സംഗക്കാര 28,000 റണ്‍സ് നേട്ടം പിന്നിട്ടത്.
ഏകദിനത്തിൽ 309 ഉം, ട്വന്റി20യിൽ 125 ഉം ടെസ്റ്റിൽ 123 ഉം മത്സരങ്ങളാണ് കോലി രിയറിൽ ഇതുവരെ കളിച്ചിട്ടുള്ളത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി ഏകദിന ഫോര്‍മാറ്റിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ താരം ടീമിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

