Site icon Janayugom Online

വിസ്മയക്കേസിൽ ഭർത്താവ് കുറ്റക്കാരൻ, ശിക്ഷ ഇന്ന്

സ്ത്രീധന പീ‍ഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 304‑ബി (സ്ത്രീധന പീഡനം), 498‑എ (ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യാപ്രേരണ), സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജ‍ഡ്ജി കെ എന്‍ സുജിത് കണ്ടെത്തി. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടിയാണ് കിരണ്‍കുമാര്‍. ശിക്ഷയെ ക്കുറിച്ച് ഇരുഭാഗത്തിന്റെയും വാദം കേള്‍ക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റി.

സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് കേസ്. 2021 ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. 2019 മേയ് 31നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ കിരണ്‍ തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച വാട്സ്ആപ്പ് ചാറ്റുകളാണ് കേസില്‍ നിര്‍ണായകമായത്. അറസ്റ്റിലായ കിരണിനെ പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

വിസ്മയ മാനസികവും ശാരീരികവുമായ കടുത്ത പീഡനം ഏറ്റുവാങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ്‌കുമാര്‍ 80 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 323 (പരിക്കേല്‍പ്പിക്കല്‍), 506(1) (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 41 സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നിവര്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

വിസ്മയ മരിച്ച് 11 മാസവും രണ്ട് ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് നാല് മാസം നീണ്ട വിചാരണയ്ക്ക് ശേഷം വിധി പറയുന്നത്. ഡിവൈഎസ്‌പിക്ക് പുറമെ പ്രോസിക്യൂഷന്‍ സഹായികളായി ശരത്‌ചന്ദ്രന്‍ ഉണ്ണിത്താന്‍, സുല്‍ഫിക്കര്‍, സുരേഷ്‌ബാബു, ആഭ, ഷാഫി, അരുണ്‍, ഹരീഷ്, അജിന്‍, മഹേഷ് മോഹന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ്, നീരാവില്‍ എസ് അനില്‍കുമാര്‍, അഖില്‍ ബി എന്നിവര്‍ ഹാജരായി.

Eng­lish summary;kiran kumar guilty in vis­maya case, sen­tence today

You may also like this video;

Exit mobile version