Site iconSite icon Janayugom Online

കിസാന്‍ ഏക്‌ത മോര്‍ച്ച ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കിസാന്‍ ഏക്‌ത മോര്‍ച്ചയുമായി ബന്ധമുള്ള രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചു. കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ പുതിയ ഗാനം ‘എസ്‌വൈഎല്‍’ യുട്യൂബില്‍ നിന്ന് നീക്കം ചെയ്ത നടപടിക്കു പിന്നാലെയാണ് പുതിയ സംഭവം.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലായ കിസാന്‍ഏക്‌തമോര്‍ച്ച, ട്രാക്ടര്‍2ട്വിറ്റ്ആര്‍ എന്നീ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പുതിയ ഐടി നിയമ പ്രകാരം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ട്വിറ്ററിന്റെ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അടക്കമുള്ള ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വളരെ സജീവമായിരുന്ന അക്കൗണ്ടുകളാണ് ഇവ.
കശ്മീരി സിഖ് അമാന്‍ബാലി, ജാകര മൂവ്മെന്റ്, ഷേരെപഞ്ചാബ്‌യുകെ, തുടങ്ങി ഖലിസ്ഥാന്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളും മരവിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. സിഖ്സിയാസതിന്റെ അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു. ട്വിറ്ററില്‍ നിന്ന് ലഭിച്ച നോട്ടീസ് റാണ അയ്യൂബ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അടുത്തത് ആരെന്ന് മുന്‍ ടെന്നീസ് താരം മാർട്ടിന നവരത്തിലോവ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Kisan Ekta Mor­cha freezes Twit­ter accounts

You may like this video also

Exit mobile version