Site icon Janayugom Online

മോഡിസര്‍ക്കാരിന് കനത്തതാക്കീതുമായി കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്

കര്‍ഷക വിരുദ്ധ നയങ്ങളുമായി മുന്നേറുന്ന മോഡി സര്‍ക്കാരിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തി കര്‍ഷക പ്രക്ഷോഭകര്‍. ഇന്ന് രാം ലീല മൈതാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്ന കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത് മോഡി സര്‍ക്കാരിന് താക്കീതായി. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് കാട്ടുന്ന അവഗണനയ്ക്കും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു നേരെ മുഖം തിരിച്ച മോഡി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും എതിരെ ശക്തമായ പ്രതിഷേധമാണ് രാംലീലാ മൈതാനിയില്‍ അരങ്ങേറിയത്. കര്‍ഷക തൊഴിലാളികള്‍ തങ്ങളുടെ ശക്തി പ്രകടമാക്കിയ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ അണി ചേര്‍ന്നു. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു രാംലീലയില്‍ മഹാപഞ്ചായത്ത്.

ട്രാക്ടര്‍ ട്രോളികളോ റാലികളോ പാടില്ലെന്ന വ്യവസ്ഥയോടെയാണ് 5,000 കര്‍ഷക പ്രതിഷേധകര്‍ക്ക് രാംലീലാ മൈതാനത്ത് സംഘടിക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയത്. പൊലീസിന്റെ കണക്കുകള്‍ തെറ്റിച്ചുള്ള കര്‍ഷക മുന്നേറ്റമാണ് ഇന്നലെ ഉണ്ടായത്. രാംലീലാ മൈതാനം നിറഞ്ഞു കവിഞ്ഞ് പ്രതിഷേധക്കാര്‍ സംഘടിച്ചത് സുരക്ഷാ സേനയ്ക്കു വെല്ലുവിളിയായി. കര്‍ഷക മഹാപഞ്ചായത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളും ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിരുന്നു. എസ്‌കെഎം നേതാവ് രാകേഷ് ടിക്കായത് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു. 

Eng­lish Sum­ma­ry: Kisan Maz­door Maha Pan­chay­at issued a strong warn­ing to Modi government

You may also like this video:

Exit mobile version