Site iconSite icon Janayugom Online

കിഷ്ത്വര്‍ മേഘവിസ്ഫോടനം: മരണം 65

ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയിലെ ചസോതി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ല്‍ അധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതുവരെ 160ല്‍ അധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 38 പേരുടെ നില ഗുരുതരമാണ്. കനത്ത മഴ തുടരുന്നതും അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുന്നതും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കാണാതായ നാല് സിഐഎസ്എഫ് ജവാന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിനിരയായവരില്‍ ഭൂരിഭാഗവും ഹൈന്ദവ പുണ്യ കേന്ദ്രമായ മച്ചൈല്‍ മാതയിലേക്ക് മലകയറിയ തീര്‍ത്ഥാടകരാണെന്ന് ജമ്മു പൊലീസ് ഐജി ബി എസ് ടുടി അറിയിച്ചു. സമുദ്രനിരപ്പില്‍നിന്ന് 9,500 അടി ഉയരത്തിലാണ് മച്ചൈല്‍ മാത ക്ഷേത്രം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 12നും ഉച്ചക്ക് ഒന്നിനും ഇടയിലായിരുന്നു ദുരന്തം. നൂറുകണക്കിനു പേരാണ് ആരാധനാ കര്‍മങ്ങള്‍ക്കായി എത്തിയിരുന്നത്. തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിച്ചിരുന്ന സാമൂഹിക അടുക്കളയായ ‘ലംഗാര്‍’ മേഘവിസ്ഫോടനത്തിലും തുടര്‍ന്നുണ്ടായ പ്രളയത്തിലും തകര്‍ന്നു. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുരന്തസ്ഥലം സന്ദര്‍ശിച്ചു.

Eng­lish sum­ma­ry: Kisht­war cloud­burst: 65 dead

you may also like this video:

Exit mobile version