Site iconSite icon Janayugom Online

സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി അടുക്കള പച്ചക്കറിത്തോട്ടമൊരുങ്ങും

vegevege

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമ്മിക്കും. സ്ഥലമില്ലാത്ത സ്‌കൂളുകളിൽ 10 ഗ്രോ ബാഗുകളിലെങ്കിലും പച്ചക്കറി കൃഷി നടത്തുകയും അതിൽ നിന്നുള്ള ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. നവംബർ മാസം ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കുട്ടികളിൽ കൃഷിയോടുള്ള അഭിരുചി വർധിപ്പിക്കുകയും ലഭിക്കുന്ന വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്, കുട്ടികളുടേയും രക്ഷാകർത്താക്കളുടേയും അധ്യാപകരുടേയും ഭാഗത്തു നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12,037 സ്കൂളുകളിൽ 10,583 സ്കൂളുകളിൽ (87 ശതമാനം) അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിച്ചിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലെ എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം നിർമ്മിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലെ അഞ്ച് സ്കൂളുകളിൽ അവയുടെ ഉപയോഗം കഴിഞ്ഞ് പച്ചക്കറികൾ വിൽക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. 

മധ്യവേനലവധിക്കാലത്ത് ഈ പച്ചക്കറിത്തോട്ടങ്ങൾ സംരക്ഷിക്കുന്നതിനും അടുത്ത വർഷം മുതൽ കൃഷി വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും പ്രാദേശിക കർഷക സമൂഹത്തിന്റെയും പിന്തുണയോടും സഹകരണത്തോടും എല്ലാ സ്കൂളുകളിലും അടുക്കള പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനും അത് വിപുലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Kitchen veg­etable gar­dens will be set up in schools of the state

You may also like this video

Exit mobile version