Site iconSite icon Janayugom Online

കൈറ്റിന്റെ നേതൃത്വത്തില്‍ സ്വന്തമായ ‘എഐ’ എൻജിൻ ഈ വര്‍ഷം: വി ശിവന്‍കുട്ടി

കൈറ്റിന്റെ നേതൃത്വത്തിൽ അക്കാദമിക് ചട്ടക്കൂടിനകത്ത് പക്ഷപാതിത്തമില്ലാതെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നതിനായി സ്വതന്ത്രമായ എ­ഐ എന്‍ജിന്‍ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കാര്യവട്ടം ഐസിഫോസ് കാമ്പസില്‍ ലിറ്റില്‍കൈറ്റ്സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പിന്റെ ഉദ്ഘാടനവും സ്കൂളുകളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ 29,000 റോബോട്ടിക് കിറ്റുകള്‍ വിന്യസിച്ചതിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും നടത്തുകയായിരുന്നു മന്ത്രി.

ഒറ്റപ്പെട്ട വിജയകഥകള്‍ക്ക് പകരം മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും റോബോട്ടിക് പഠനം സാധ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്, ക്യൂബെര്‍സ്റ്റ് ടെക്നോളജീസ്, കനറാ ബാങ്ക് എന്നവരുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും തുക അനുവദിച്ച മാതൃക കൂടുതല്‍ കമ്പനികള്‍ പിന്തുടരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി ടി സുനില്‍ എന്നിവര്‍ സംസാരിച്ചു. സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. പ്രഹ്‍ളാദ് വടക്കേപ്പാട്ട്, മീഡിയ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍, ഹിബിസ്‍കസ് മീഡിയ എംഡി മധു കെ എസ് എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ഡ്രോണ്‍ ടെക്നോളജി, അസിസ്റ്റീവ് ടെക്നോളജി, ത്രീഡി പ്രിന്റിങ്, കാലാവസ്ഥാ നിരീക്ഷണ സംവിധാനം, മീഡിയാ പ്രൊഡക്ഷന്‍, അനിമേഷന്‍ ഹൗസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങള്‍ ഇന്‍ഡസ്ട്രി വിസിറ്റിന്റെ ഭാഗമായി കുട്ടികള്‍ കണ്ടു മനസിലാക്കി. ക്യാമ്പ് നാളെ സമാപിക്കും.

റോബോട്ടിക് കിറ്റുകള്‍

സ്കൂളുകളില്‍ വിന്യസിക്കുന്ന ഓപ്പണ്‍-ഹാർഡ്‌വേര്‍ അധിഷ്ഠിത റോബോട്ടിക് കിറ്റുകളില്‍ ആര്‍ഡിനോ യൂനോ ആര്‍ ത്രി, എല്‍ ഇ ഡികള്‍, മിനി സര്‍വോ മോട്ടോർ, എല്‍ഡിആര്‍, ലൈറ്റ്, ഐആര്‍ സെന്‍സര്‍ മൊഡ്യൂളുകള്‍, ബ്രെഡ് ബോര്‍ഡ്, ബസർ മൊഡ്യൂള്‍, പുഷ് ബട്ടണ്‍ സ്വിച്ച്, റെസിസ്റ്ററുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കിറ്റിന്റെ ഘടകങ്ങള്‍, വാറന്റി കാലയളവിന് ശേഷം (തകരാർ വരുന്ന പക്ഷം) പ്രത്യേകം വാങ്ങുന്നതിനും സ്കൂളുകള്‍ക്ക് അവസരം ഉണ്ടായിരിക്കും.

Exit mobile version