ഒളിമ്പ്യാകോസിനെതിരായ ആവേശ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. റയലിന്റെ നാല് ഗോളുകളും കിലിയന്‍ എംബാപ്പെയാണ് നേടിയത്.
എട്ടാം മിനിറ്റില്‍ ചിക്വിഞ്ഞോയിലൂടെ ഒളിമ്പ്യാകോസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 22-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ എംബാപ്പെ 24, 29 മിനിറ്റുകളില്‍ ഗോള്‍ നേടി ഹാട്രിക് പൂര്‍ത്തിയാക്കി. ഇതോടെ ആദ്യ പകുതി റയല്‍ മുന്നിട്ടുനിനിന്നു.
രണ്ടാം പകുതിയിലും ഒളിമ്പ്യാകോസ് ആദ്യം ഗോള്‍ കണ്ടെത്തി. 52-ാം മിനിറ്റില്‍ മെഹ്ദി ടറേമിയാണ് ഗോള്‍ നേടിയത്. ഈ ഗോള്‍ വീണ് എട്ട് മിനിറ്റിനുള്ളില്‍ എംബാപ്പെ നാലാം ഗോളും നേടി റയലിന് മുന്‍തൂക്കം നല്‍കി. 81-ാം മിനിറ്റില്‍ അയൂബ് എല്‍ ഖാബി ഗോള്‍ കണ്ടെത്തിയെങ്കിലും റയലിനെ മറികടക്കാനായില്ല. അഞ്ചില്‍ നാലും ജയിച്ച് 12 പോയിന്റുമായി അഞ്ചാമതാണ് റയലുള്ളത്. ലീഗില്‍ ഇതുവരെയും വിജയം നേടാനാകാത്ത ഒളിമ്പ്യാകോസ് രണ്ട് പോയിന്റുമായി 33-ാമതാണ്.
മറ്റൊരു വമ്പന്‍ പോരാട്ടത്തില്‍ ജര്‍മ്മന്‍ കരുത്തരായ ബയേണ‍് മ്യൂണിക്കിനെ ആഴ്സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ചു. 22-ാം മിനിറ്റില്‍ ജൂരിയന്‍ ടിംബറിലൂടെ ആഴ്സണലാണ് ആദ്യം മുന്നിലെത്തിയത്. 10 മിനിറ്റായപ്പോഴേക്കും ലെനാര്‍ട്ട് കാള്‍ ബയേണിന് സമനില ഗോള്‍ നല്‍കി. രണ്ടാം പകുതി 1–1 എന്ന നിലയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മത്സരം ആഴ്സണലിന്റെ വരുതിയിലായി. 69-ാം മിനിറ്റില്‍ നോനി മഡുവെകെയും 77-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ഗോള്‍ നേടിയതോടെ ആഴ്സണല്‍ 3–1ന് വിജയമുറപ്പിച്ചു. അഞ്ചില്‍ അഞ്ചും ജയിച്ച് തലപ്പത്താണ് ആഴ്സണല്‍. നാല് ജയവുമായി ബയേണ്‍ മൂന്നാം സ്ഥാനത്തുണ്ട്.
ആന്‍ഫില്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ ഡച്ച് ക്ലബ്ബ് പിഎസ്‌വി ഐന്തോവന്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇവാന് പെരിസിച്ച് പിഎസ്‌വിയെ ആദ്യം മുന്നിലെത്തിച്ചു. 16-ാം മിനിറ്റില്‍ ലിവര്‍പൂള്‍ സമനില കണ്ടെത്തി. ഡൊമിനിക് സൊബോസ്ലായിയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ഗുസ് ടില്‍ പിഎസ്‌വിക്ക് ലീഡ് സമ്മാനിച്ചു. 73, 90+2 മിനിറ്റില്‍ കൗഹേബ് ഡ്രൈയോവെച്ച് ഇരട്ടഗോളുകള്‍ കൂടി നേടിയതോടെ ലിവര്‍പൂളിനെ 4–1ന് പിഎസ്‌വി വീഴ്ത്തുകയായിരുന്നു. ഒമ്പത് പോയിന്റുള്ള ലിവര്‍പൂള്‍ 13-ാമതും എട്ട് പോയിന്റുള്ള പിഎസ്‌വി 15-ാമതുമാണ്.

