ഏകദിന ക്രിക്കറ്റിലും തോല്‍വിയാവര്‍ത്തിച്ച് പാകിസ്ഥാന്‍. ആദ്യ ഏകദിനത്തില്‍ പാകിസ്ഥാനെതിരെ 73 റണ്‍സിന്റെ ജയമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 44.1 ഓവറില്‍ 271 റണ്‍സിന് ഓള്‍ ഔട്ടായി. 83 പന്തില്‍ 78 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1–0ന് മുന്നിലെത്തി. പാകിസ്ഥാനായി മുൻനിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. അബ്ദുള്ള ഷെഫീക്ക് 36, ഉസ്മാൻ ഖാൻ 39, ബാബർ അസം 78, മുഹമ്മദ് റിസ്വാൻ 30, സൽമാൻ അലി ആഗ 58 എന്നിങ്ങനെ സംഭാവന ചെയ്തു. എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ഇത് മതിയാകില്ലായിരുന്നു. നേരത്തെ ടി20 പരമ്പരയും 4–1ന് ദയനീയമായി പാകിസ്ഥാന്‍ കൈവിട്ടിരുന്നു. നാലു വിക്കറ്റെടുത്ത നഥാന്‍ സ്മിത്തും രണ്ട് വിക്കറ്റെടുത്ത ജേക്കബ് ഡഫിയും ചേര്‍ന്നാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നാലാമനായി ഇറങ്ങിയ മാര്‍ക്ക് ചാപ്മാന്റെ (111 പന്തില്‍ 132) സെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. തുടക്കത്തില്‍ 50–3ലേക്ക് വീണ കിവീസിനെ ചാപ്‌മാനും ഡാരില്‍ മിച്ചലും(76) ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 199 റണ്‍സ് അടിച്ചു. മിച്ചല്‍ പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് അബ്ബാസ് 26 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 52 റണ്‍സടിച്ച് ന്യൂസിലാന്‍ഡിനെ 350ന് അടുത്തെത്തിച്ചു. പാകിസ്ഥാനുവേണ്ടി ഇര്‍ഫാന്‍ ഖാന്‍ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആകിഫ് ജാവേദും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

