Site iconSite icon Janayugom Online

കടുവയെ പിടിച്ച് കിവീസ്

ബംഗ്ലാദേശിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലുറപ്പിച്ചു. അഞ്ച് വിക്കറ്റിന്റെ അനായാസ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചുറിയോടെ നേടിയരചിന്‍ രവീന്ദ്രയാണ് ന്യൂസിലാന്‍ഡിന് അനായാസ ജയം സമ്മാനിച്ചത്. 105 പന്തില്‍ 112 റണ്‍സെടുത്താണ് താരം പുറത്തായത്. 

സ്കോര്‍ ബോര്‍ഡില്‍ റണ്‍ എത്തും മുമ്പെ ന്യൂസിലാന്‍ഡ് ഓപ്പണര്‍ വില്‍ യങ്ങിനെ നഷ്ടമായി. ടസ്കിന്‍ അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. പിന്നാലെയെത്തിയ കെയ്ന്‍ വില്യംസണ്‍ അഞ്ച് റണ്‍സുമായി മടങ്ങി. ഡെ­വോണ്‍ കോണ്‍വെ പ്രതിരോധിച്ച് നിന്നെങ്കിലും 45 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. പിന്നീടൊന്നിച്ച രചിന്‍ രവീന്ദ്രയും ടോം ലാഥമും സ്കോര്‍ മുന്നോട്ട് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 76 പന്തില്‍ 55 റണ്‍സെടുത്ത് ടോം ലാഥം പുറത്തായി.

ബംഗ്ലാദേശിന് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ 77 റണ്‍സാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ജേക്കര്‍ അലി 45 റണ്‍സെടുത്തു. മിച്ചല്‍ ബ്രേസ്‌വെല്ലിന്റെ മികച്ച ബോളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. നാല് വിക്കറ്റുകളാണ് ബ്രേസ്‌വെല്‍ നേടിയത്.
സ്കോര്‍ 45ല്‍ നില്‍ക്കെയാണ് ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 24 പന്തില്‍ 24 റണ്‍സെടുത്ത തന്‍സിദ് ഹസനെ ബ്രേസ്‌വെല്‍ വില്യംസണിന്റെ കൈകളിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന്റെ വിക്കറ്റ് ന്യൂസിലാന്‍ഡ് പിഴുതുകൊണ്ടിരുന്നു. പി­ന്നാലെ മെഹിദി ഹരസന്‍ മിറാസും (13) പവലിയനില്‍ തിരിച്ചെത്തി. തൗഹിദ് ഹൃ­ദോയ് (7), മുഷ്ഫിഖുര്‍ റഹീം (2), മഹ്മുദുള്ള (4) എ­ന്നിവര്‍ക്ക് തിളങ്ങാ­നായില്ല. ഇതോടെ അഞ്ചിന് 118 എന്ന നിലയിലായി ബംഗ്ലാദേശ്. തുടര്‍ന്ന് ഷാന്റോ — ജേക്കര്‍ സഖ്യം കൂട്ടിചേര്‍ത്ത 45 റണ്‍സ് ബംഗ്ലാദേശിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. സ്കോര്‍ 163ല്‍ നില്‍ക്കെ ഷാന്റോ പുറത്തായി. റിഷാദ് ഹുസൈന്‍ 26 റണ്‍സ് നേടി. നേരത്തെ ഇന്ത്യയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ബംഗ്ലാദേശ് രണ്ടാം മത്സരത്തിലും തോല്‍വിയറിഞ്ഞതോടെ സെമിഫൈനല്‍ കാണാതെ പുറത്തായി. 

Exit mobile version