നഗരസഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുൻ ധാരണ പ്രകാരം ചെയർപേഴ്സൺ സൗമ്യരാജ് സ്ഥാനം ഒഴിയുകയും തുടർന്ന് സബ് കളക്ടര്‍ സൂരജ് ഷാജി വരണാധികാരിയായി നടത്തിയ പുതിയ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ, 52 അംഗ കൗൺസിലിൽ 35 വോട്ടുകൾ നേടിയാണ് നഗരസഭാധ്യക്ഷയായി കെ കെ ജയമ്മ തിരഞ്ഞെടുക്കപ്പെട്ടത്.
യുഡിഎഫ് സ്ഥാനാർത്ഥി അമ്പിളി അരവിന്ദ് 9 വോട്ടും, ബി ജെ പി സ്ഥാനാർത്ഥി സുമ 3 വോട്ടും നേടി. എസ് ഡി പി ഐ, സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പിൽ വിട്ടുനിന്നു. സബ് കളക്ടര്‍ സൂരജ് ഷാജി മുൻപാകെ ദൃഢപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്ത ചെയർപേഴ്സൺ കെ കെ ജയമ്മ ആലിശ്ശേരി മഹിളാ മന്ദിരത്തിലെ അന്തേവാസികളുടെ കുടിശ്ശിഖയുള്ള ഭക്ഷണ ബില്ലുകൾ ഒപ്പിട്ട് ഔദ്യോഗിക ചുമതലകൾക്ക് തുടക്കം കുറിച്ചു. ആലപ്പുഴ നഗരത്തിന്റെ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള കർമ്മപരിപാടികൾക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ നഗരസഭാ ഭരണസമിതി രൂപം നൽകുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.
English Summary: KK Jayamma took charge as Chairperson of Alappuzha Municipal Corporation