കരുതലിന്റെ ഓർമ്മയുമായി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ നിപ്പ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ മക്കളെ കാണാനെത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് വടകരയിൽ ലിനിയുടെ ഭർത്താവ് സജീഷ് താമസിക്കുന്ന വീട്ടിൽ എത്തി കുട്ടികളുടെ സുഖവിവരങ്ങൾ അന്വേഷിച്ചത്. യുഡിഎഫ് എത്ര ആരോപണം ഉന്നയിച്ചാലും നിപ, കോവിഡ് സമയങ്ങളിൽ രക്ഷിക്കാൻ ആരോഗ്യവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളുടെ മനസിലുണ്ടെന്നും താന്‍ ഇവരുടെ അമ്മമ്മയാണെന്നും ശൈലജ പറഞ്ഞു. സജീഷിന്റെ വീട്ടിലെത്തിയ ശൈലജ കുടുംബാംഗങ്ങളോട് സുഖവിവരം തേടിയ ശേഷമാണ് കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. വടകര നിയോജക മണ്ഡലത്തിലെ പൊതുപര്യടനം തുടങ്ങുന്നതിന് മുമ്പാണ് കെ കെ ശൈലജ നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാൻ എത്തിയത്.
2018ൽ നിപ ഭീതി പടർത്തിയ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ സാന്നിധ്യം കുടുംബത്തിന് താങ്ങായി മാറിയിരുന്നതായി സജീഷ് ഓർത്തു. 2018 മേയ് 21നാണ് ലിനി നിപ ബാധയെ തുടർന്ന് മരിക്കുന്നത്. മലയാളിയെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു അത്. ടീച്ചർ ഇപ്പോഴും വിളിക്കാറുണ്ടെന്ന് കുട്ടികൾ പറഞ്ഞു. സജീഷും കുട്ടികളുമായി അല്പനേരം ചെലവഴിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. സജീഷിന്റെ ഭാര്യ പ്രതിഭയും ബന്ധുക്കളും ചേർന്ന് കെ കെ ശൈലജയെ സ്വീകരിച്ചു. ഇനിയും വരാമെന്ന് പറഞ്ഞാണ് അവിടെ നിന്നും മടങ്ങിയത്.
ഇതിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ഇന്ത്യൻ സിനിമയിലെ ഇതിഹാസം കമൽഹാസനും രംഗത്തെത്തി. വീഡിയോ വഴിയാണ് കമൽഹാസൻ വോട്ടഭ്യർത്ഥിച്ചത്. സമകാലിക ഇന്ത്യയിലെ വ്യവസ്ഥിതിക്കെതിരെ പോരാടാൻ പാർലമെന്റിൽ കെ കെ ശൈലജയുടെ ശബ്ദമുണ്ടാവണമെന്നും, ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
English Summary: KK Shailaja visited the children of Sister Lini
You may also like this video