Site icon Janayugom Online

കെകെ & ഇന്ത്യ; ഓസ്ട്രേലിയയ്ക്കെതിരെ ആറ് വിക്കറ്റ് ജയം

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199 റൺസിന് എല്ലാവരും പുറത്തായി. 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 41.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. തുടക്കത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ 115 പന്തില്‍ 97 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 116 പന്തില്‍ 85 റണ്‍സെടുത്ത വിരാട് കോലിയുടെയും ബാറ്റിങ്ങാണ് ജയത്തിലെത്തിച്ചത്.

കുഞ്ഞന്‍ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാണുണ്ടായത്. രണ്ട് റണ്‍സില്‍ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് റണ്‍സും എക്സ്ട്രാ ലഭിച്ചതുമാണ്. രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിങ്ങനെ മൂന്ന് പേരും റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്നില്‍ കണ്ടു. കിഷനെ ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ഗോള്‍ഡന്‍ ഡക്കാക്കി. ആറ് പന്തുകള്‍ നേരിട്ട രോഹിത് ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അതേ ഓവറില്‍ ശ്രേയസിനെ ഡേവിഡ് വാര്‍ണറുടെ കൈകളിലെത്തിക്കാനും ഹെയ്സല്‍വുഡിനായി.

എന്നാല്‍ അവിടെ നിന്നായിരുന്നു വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 165 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിയുന്നത്. ഹെയ്സ‌ല്‍വുഡിന്റെ പന്തില്‍ വിരാട് കോലി ലാബുഷെയ്ന്റെ കൈകളിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ(11) തകര്‍ത്തടിച്ചു. ഒടുവില്‍ സിക്സര്‍ പറത്തി രാഹുലാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുമ്പില്‍ ചീട്ടുകൊട്ടാരം പോലെയാണ് ഓസീസ് തകര്‍ന്നുവീണത്. ആറ് വിക്കറ്റുകള്‍ സ്പിന്നര്‍മാരും നാല് വിക്കറ്റുകള്‍ പേസര്‍മാരുമാണ് വീഴ്ത്തിയത്. മോശം തുടക്കമായിരുന്നു ഓസീസിന്റേത്. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുംറയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ — സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. 

വാര്‍ണര്‍ക്ക് പകരം മാര്‍നസ് ലാബുഷെയ്‌നാണ് ക്രീസിലെത്തിയത്. ലാബുഷെയ്‌നിനൊപ്പം ബാറ്റുവീശിയ സ്മിത്ത് ടീം സ്കോര്‍ 100 കടത്തി. വളരെ പതുക്കെയാണ് ഓസ്ട്രേലിയ ബാറ്റുചെയ്തത്. എന്നാല്‍ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. ടീം സ്കോര്‍ 110ല്‍ നില്‍ക്കേ 71 പന്തില്‍ 46 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ ക്രീസിലുറച്ചുനിന്ന ലാബുഷെയ്‌നിനെയും ജഡേജ മടക്കി. അതേ ഓവറിൽ തന്നെ അലക്സ് ക്യാരിയെയും പുറത്താക്കി ജഡേജ കൊടുങ്കാറ്റായി. ഇതോടെ ഓസീസ് 29.4 ഓവറില്‍ 119 ന് അഞ്ചു വിക്കറ്റ് എന്ന സ്കോറിലേക്ക് വീണു. 

സ്കോർ 140ൽ നിൽക്കെ ഗ്ലെൻ മാക്സ്‌വെലും കാമറൂൺ ഗ്രീനും തുടർച്ചയായ ഓവറുകളിൽ പുറത്തായി. മാക്സ്‌വെലിനെ കുൽ‌ദീപ് യാദവ് ക്ലീൻ ബൗൾഡ് ആക്കിയപ്പോൾ, ഗ്രീനിനെ ആർ അശ്വിൻ ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. എട്ടാമനായി ഇറങ്ങിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനായില്ല. ബുംറയുടെ പന്തിൽ ലോങ് ഓണിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകി കമ്മിൻസ് മടങ്ങി. 24 പന്തുകൾ നേരിട്ട കമ്മിൻസ് 15 റൺസാണ് നേടിയത്. ആദം സാംപ (20 പന്തിൽ 6) ഹാര്‍ദിക് പാണ്ഡ്യയുടെ പന്തിൽ കോലി ക്യാച്ചെടുത്ത് പുറത്തായി. 35 പന്തിൽ 28 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിനെ, മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഇതോടെ ഓസീസ് പതനം പൂര്‍ണം. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Eng­lish Summary:KK & India; Six wick­et win against Australia
You may also like this video

Exit mobile version