Site iconSite icon Janayugom Online

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ആശയുടെ പേരിലുള്ള കോഴിക്കോട് ജില്ലയിലെ കക്കോടി വേങ്ങേരി വില്ലേജിലുള്ള വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കെ എം ഷാജി പ്രതിയായ അഴീക്കോട് സ്കൂളിലെ പ്ലസ്‌ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിയുടെ നിർണായക നടപടി.
2020 ഏപ്രിലിലാണ് അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് കെ എം ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അഴീക്കോട് ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ്‌ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. 

കോഴപ്പണം ഉപയോഗിച്ചാണ് ഭാര്യയുടെ പേരിൽ ഭവന നിർമ്മാണം നടത്തിയതെന്ന് തെളിഞ്ഞുവെന്നും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും ഇഡി അറിയിച്ചു. സ്വത്ത് കണ്ടുകെട്ടിയ കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇഡി അറിയിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിയെയും ഭാര്യയെയും നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് മാലൂർ കുന്നിൽ ഒന്നേകാൽ കോടിയോളം രൂപയുടെ സ്വത്ത് വാങ്ങിയെന്ന പരാതിയിലും ഇഡിയുടെ അന്വേഷണം നടക്കുകയാണ്. നേരത്തെ ഷാജിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ആഭരണങ്ങളും വിദേശ കറൻസിയും ഉൾപ്പെടെ വിജിലൻസ് പിടിച്ചെടുത്തിരുന്നു. 

കർണാടകയിൽ ഇഞ്ചിക്കൃഷി നടത്തിയാണ് പണം സമ്പാദിച്ചതെന്നായിരുന്നു ഷാജിയുടെ അവകാശവാദം. ഒൻപത് വർഷത്തിനിടെ കെ എം ഷാജിയുടെ സ്വത്തിൽ വലിയ വളർച്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കോഴിക്കോട്ടെ അഭിഭാഷകൻ നൽകിയ ഹര്‍ജിയെ തുടർന്നായിരുന്നു കേസെടുത്തതും വീടുകളിൽ റെയ്ഡ് നടത്തിയതും. വിജിലൻസ് പരിശോധനയിൽ ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തി. വിജിലൻസ് കേസെടുത്ത ശേഷമാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഷാജിയെയും ഭാര്യയെയും നിരവധി തവണ ഇഡി ചോദ്യം ചെയ്തു. എം കെ മുനീർ, കെ പി എ മജീദ് ഉൾപ്പെടെയുള്ള മുസ്‌ലിം ലീഗ് നേതാക്കളെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്വത്ത് കണ്ടുകെട്ടിയത്. 

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യമായാണ് സ്വത്ത് കണ്ടുകെട്ടൽ നടപടി ഉണ്ടായിരിക്കുന്നത്. തനിക്കെതിരെ രാഷ്ട്രീയ വിദ്വേഷം തീർക്കുകയാണെന്ന ഷാജിയുടെ വാദങ്ങളാണ് സ്വത്ത് കണ്ടുകെട്ടലിലൂടെ തകർന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കെ എം ഷാജിക്കും മുസ്‌ലിം ലീഗിനും ഈ സംഭവം വലിയ തിരിച്ചടിയാകുമെന്നുറപ്പാണ്. 

Eng­lish Summary:KM Sha­ji’s wife’s prop­er­ty con­fis­cat­ed by ET
You may also like this video

Exit mobile version