Site icon Janayugom Online

ഏകസിവില്‍ കോഡും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ചര്‍ച്ച ചെയ്യാന്‍ ലീഗ് വിളിച്ച യോഗത്തില്‍ കെഎന്‍എം പങ്കെടുക്കില്ല

ഏക സിവിൽ കോഡ്, ജെൻഡർ ന്യൂട്രാലിറ്റി എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് മുസ്ലിം ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്നും കേരള നദ്വത്തുൽ മുജാഹിദീൻ (കെഎൻഎം) വിട്ടുനിന്നു. കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ലീഗ് നേതാക്കളായ പാണക്കാട് തങ്ങൾമാർ പങ്കെടുക്കാത്തതിനാലാണ് തീരുമാനം. സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചതിന് ശേഷമാണ് സാദിഖലി തങ്ങൾ അടക്കമുള്ളവർ പരിപാടിയിൽനിന്ന് പിൻമാറിയത്. ഇതിനുള്ള മറുപടി എന്ന നിലക്കാണ് ലീഗ് വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് പിൻമാറാനുള്ള കെഎൻഎം തീരുമാനം. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെഎൻഎം അറിയിച്ചിട്ടില്ലെന്നാണ് ലീഗ് നേതൃത്വംവ്യക്തമാക്കിയത്. എന്നാല്‍ മുസ്‌ലിം കോഡിനേഷൻ കമ്മിറ്റി യോഗത്തില്‍ കെഎൻഎം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മുസ്‌ലിം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽ നിന്നും
അകറ്റുന്ന സാഹചര്യത്തിൽ ചില വിട്ടുനിൽക്കലുകൾ നമുക്കും ആകാമല്ലോയെന്നാണ് കെഎന്‍എം വ്യക്തമാക്കുന്നത്. പാണക്കാട് തങ്ങന്മാരെ നമ്മൾ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി തങ്ങന്മാരെ തടയുന്ന സമസ്ത നേതൃത്വം വീണ്ടുവിചാരം നടത്തണം. അവർ രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളത് കൊണ്ടാണ് കെഎൻഎം ക്ഷണിക്കുന്നത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ല.

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഉള്ളിൽ ആഗ്രഹമുള്ള പാണക്കാട് കുടുംബത്തെ തടഞ്ഞുവെച്ച് സമസ്ത എത്ര കാലം മുന്നോട്ടു പോകും. അവരെ ക്ഷണിക്കാൻ ചെല്ലുമ്പോൾ എന്തൊരു സന്തോഷത്തോടെയാണ് വരാമെന്നു പറയുന്നത്. ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കുന്ന സമസ്തയോടൊപ്പം ഇരുന്ന് എന്തിന് നേരം കളയണം. തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽ നിന്നും മോചിപ്പിക്കുക. അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. എന്തിനീ ബേജാർ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണെന്നും കെഎന്‍എം നേതൃത്വം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

Eng­lish Summary:
KNM will not attend the meet­ing called by the league to dis­cuss Sin­gle Civ­il Code and Gen­der Neutrality

You may also like this video:

Exit mobile version