പരസ്യ ചിത്രീകരണത്തിനായി തലയിൽ തട്ടമിട്ടതിൻ്റെ പേരിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. നേരത്തേയും ആവിഷ്കാരത്തിൻ്റെ പേരിൽ ദീപിക പദുക്കോണിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പിന് കീഴിലുള്ള എക്‌സ്പീരിയന്‍സ് അബുദാബിയുടെ പരസ്യത്തിലാണ് ദീപികയും ഭർത്താവ് രണ്‍വീര്‍ സിങ്ങും ഒരുമിച്ചഭിനയിച്ചത്. എക്‌സ്പീരിയന്‍സ് അബുദാബിയുടെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡർ കൂടിയാണ് ദീപിക പദുക്കോൺ. വീഡിയോ ക്ലിപ്പിൽ, ദമ്പതികൾ കാഷ്വൽ, പാശ്ചാത്യ വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ചില ദൃശ്യങ്ങളിൽ തല പകുതി മറച്ച നിലയിലാണ് ദീപികയുള്ളത്. ലൂവ്രെ അബുദാബി മ്യൂസിയത്തിലെ ശിൽപത്തിന് മുന്നിൽനിന്ന് ചിരിക്കുന്നതും തുടർന്ന് നഗരത്തിലെ പ്രധാന കേന്ദ്രമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ വാസ്തുവിദ്യ ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്.
പള്ളി സന്ദർശിക്കുന്ന വേളയിൽ, ദീപിക പദുക്കോൺ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്നതായി കാണാം. ഈ വസ്ത്രം മുഖവും കൈകളും ഒഴികെ ശരീരം മുഴുവൻ മൂടുന്ന രീതിയിലുള്ളതായിരുന്നു. രൺവീർ സിംഗ് കറുത്ത സ്യൂട്ട് ധരിച്ചാണ് പള്ളിയിലെത്തിയത്.
വീഡിയോ പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ ട്രെൻഡിങായി. എന്നാൽ, ദീപിക ഹിജാബ് ധരിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാർ അനുകൂല സൈബർ ഹാൻഡിലുകൾ പ്രചാരണം നടത്തിയത്. യഥാർഥത്തിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രമായ അബായയാണ് അവർ ധരിച്ചിരുന്നത്.

