കാന്‍സര്‍ അഥവാ അര്‍ബുദം എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു നടുക്കമാണുണ്ടാവുക. ആ ഭീതി അടിസ്ഥാനരഹിതമല്ല താനും. കാന്‍സര്‍ എന്തുകൊണ്ട് വരുന്നു എന്നതിനെക്കുറിച്ച് പൊതുവേ കൃത്യമായ അറിവ് ഇല്ലെന്നിരിക്കെ ക്യാന്‍സറിനെ പ്രതിരോധിക്കുക എന്നത് പ്രായോഗികമല്ല.
സ്ത്രീകളില്‍ വരുന്ന ഗര്‍ഭാശയ മുഖത്തിന്റെ അര്‍ബുദം അഥവാ കാന്‍സര്‍ സെര്‍വിക്‌സ് 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു കാന്‍സറാണ്. കാന്‍സര്‍ സെര്‍വിക്‌സിനെക്കുറിച്ച് ഒരു അവബോധമുണ്ടാക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്.
സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണ് കാന്‍സര്‍ സെര്‍വിക്‌സ്. ലോകത്തിലെ കാന്‍സര്‍ സെര്‍വിക്‌സ് രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഭാരതത്തിലാണ്. ഓരോ എട്ട് മിനിറ്റും ഭാരതത്തില്‍ കാന്‍സര്‍ സെര്‍വിക്‌സ് മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.
കാന്‍സര്‍ സെര്‍വിക്‌സിന്റെ പ്രത്യേകത എന്താണ്?
ബാക്കിയുള്ള കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി കാന്‍സര്‍ സെര്‍വിക്‌സ് ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. Human Pappiloma എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാക്കുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളുലും കാന്‍സര്‍ ഉണ്ടാക്കുന്നു. HPV 16 ഉം 18ഉം ആണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്.
Human Pappiloma വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?
സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് HPV എന്ന് പറഞ്ഞല്ലോ. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ്, 24 — 25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80% ആള്‍ക്കാരിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ HPV അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും കാന്‍സര്‍ സെര്‍വിക്‌സ് ഉണ്ടാകുന്നില്ല.
കാരണം 85% പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് കാന്‍സര്‍ സെര്‍വിക്‌സിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
കാന്‍സര്‍ സെര്‍വിക്‌സ് എങ്ങനെ ഉണ്ടാകുന്നു?
Human Pappiloma വൈറസ് അണുബാധയുണ്ടായിട്ടുള്ള 5% സ്ത്രീകളുടെ സെര്‍വിക്‌സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ CIN (CERVICAL INTRA EPITHELIAL NEOPLASIA) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ അര്‍ബുദമായി മാറാന്‍ സാദ്ധ്യതയുണ്ട്. CIN കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ കാന്‍സര്‍ സെര്‍വിക്‌സിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.
ഏതൊക്കെ തരം സ്ത്രീകളിലാണ് കാന്‍സര്‍ സെര്‍വിക്‌സ് കൂടുതലായി കണ്ടുവരുന്നത്?
1. 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ — ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
2. കൂടുതല്‍ പ്രസവിക്കുന്നവര്‍.
3. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
4. ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
5. പ്രതിരോധ ശേഷി കുറഞ്ഞവര്‍, HIV അണുബാധയുള്ളവര്‍.
എന്താണ് CIN ന്റെയും കാന്‍സര്‍ സെര്‍വിക്‌സിന്റെയും രോഗലക്ഷണങ്ങള്‍?
1. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
2. അമിതമായ വെള്ള പോക്ക്.
3. ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനു ശേഷമുള്ള രക്തക്കറ.
4. സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
5. ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.
കാന്‍സര്‍ സെര്‍വിക്‌സ് എങ്ങനെ കണ്ടുപിടിക്കാം?
1. വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണ് Pap’s Smear പരിശോധന. സാധാരണയുള്ള ഉള്ളു പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ Microscopeനടിയില്‍ വച്ചു നോക്കി കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. 30 വയസ്സില്‍ Pap’s Smear ടെസ്റ്റ് തുടങ്ങുന്നു. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് എടുക്കേണ്ടതാണ്.
2. ഇതേ കോശങ്ങളില്‍ തന്നെ HPV DNA ടെസ്റ്റും നടത്താവുന്നതാണ്. ഇതിന് ചിലവല്‍ല്പം കൂടുമെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ മതിയാവും ഇത് ചെയ്യുന്നത്. Pap’s Smear ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ HPV DNA ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോക ആരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് 35 വയസ്സിലും 10 വര്‍ഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ HPV Test എടുത്താല്‍ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള സ്‌ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല.
3. Pap’s Smear ടെസ്റ്റില്‍ കോശ വ്യത്യാസങ്ങള്‍ കണ്ടാല്‍ Colposcopy എന്ന പരിശോധന ചെയ്യാം. ഗര്‍ഭാശയ മുഖത്തിനെ ഒരു മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോള്‍പ്പോസ്‌ക്കോപ്പി. Colposcopy എല്ലാ ആശുപത്രികളിലും ലഭ്യമല്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ Iodine, Acetic Acid തുടങ്ങിയവ Cervixല്‍ പുരട്ടി സംശയം തോന്നുന്നിടത്തുന്നു മാത്രം BIOPSY എടുത്താല്‍ മതിയാകും. ആവശ്യമുള്ളവര്‍ക്കു മാത്രം Colposcopyയുടെ കൂടെ തന്നെ Biopsy എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.
മേല്‍ പറഞ്ഞ സ്‌ക്രീനിംഗ് ടെസ്റ്റുകളൊക്കെ കാന്‍സര്‍ സെര്‍വിക്‌സ് വന്നു കഴിഞ്ഞോ, അല്ലെങ്കില്‍ CIN സ്റ്റേജിലോ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ്. 100% ഫലവത്തായി കാന്‍സര്‍ സെര്‍വിക്‌സിനെ ഫലവത്തായി പ്രതിരോധിക്കാന്‍ Human Pappiloma വൈറസിനെതിരായ വാക്സിന്‍ ഇന്ന് ലഭ്യമാണ്.
HPV വാക്സിന്‍ കാന്‍സര്‍ സര്‍വിക്‌സിന് എതിരായ പ്രാഥമിക പ്രതിരോധ മാര്‍ഗ്ഗമാണ്.
3 തരം വാക്സിന്‍ ലഭ്യമാണ്
1. Bivalent Vaccine (HPV 16 and 18 എതിരായിട്ടുള്ളത്)
2. Quadrivalent Vaccine (HPV 6, 11, 16, 18)
3. Nanovalent Vaccine (9തരം HP വൈറസിന് എതിരായിട്ടുള്ളത്)
കാന്‍സര്‍ സെര്‍വിക്‌സിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനേയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാന്‍സറിനെയും ഈ വാക്സിന്‍ പ്രതിരോധിക്കുന്നു.
ആര്‍ക്കാണ് നാം HPV വാക്‌സിന്‍ കൊടുക്കേണ്ടത്?
വാക്‌സിന്റെ തരം അനുസരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കൊടുക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പു തന്നെ വാക്‌സിനേഷന് വിധേയരാകുന്നതാണ് ഏറ്റവും ഫലപ്രദം. 9 വയസ്സു മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ ആറു മാസത്തെ വ്യത്യാസത്തില്‍ കൊടുക്കണം. 14 വയസ്സിനു മുകളിലാണെങ്കില്‍ 3 ഡോസ് വാക്സിനാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് (0 — 1 — 6 മാസം).
9 മുതല്‍ 26 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ഭാരതത്തിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് 45 വയസ്സു വരെയും കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.
HPV വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ടോ?
HPV വാക്‌സിനില്‍ വൈറസിന്റെ DNAയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. കുത്തിവച്ച സ്ഥലത്തു വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹം വേദന, തല വേദന, ശര്‍ദ്ദില്‍ എന്നിവ താല്‍ക്കാലികമായി അനുഭവപ്പെടാം.
സാംക്രമിക രോഗമുള്ളവര്‍, അലര്‍ജി ഉള്ളവര്‍, SLE മുതലായ അസുഖമുള്ളവരും വാക്‌സിന്‍ എടുക്കാന്‍ പാടില്ല.
ലോകാരോഗ്യസംഘടന HPV വാക്‌സിന്‍ രാജ്യങ്ങളിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേയ്ക്ക് കാന്‍സര്‍ സെര്‍വിക്‌സ് ഉന്മൂലനം ചെയ്യാനുള്ള തത്രപ്പാടിലാണ് WHO. നമുക്ക് ഓരോരുത്തര്‍ക്കും അതില്‍ പങ്കുചേരാം.
നാം ചെയ്യേണ്ടത് വളരെ ലളിതം..
1. പരമാവധി സ്ത്രീകള്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്കു വിധേയരാവുക.
2. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് HPV വാക്‌സിനേഷന്‍ നിര്‍ബന്ധമായും നല്‍കുക.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നാം നല്‍കുന്ന വില മതിയ്ക്കാനാവാത്ത സമ്മാനമാവട്ടെ HPV Vaccine.
English Summary:Know about cervical cancer
You may also like this video