Site iconSite icon Janayugom Online

കൊച്ചി-ബേപ്പൂർ കണ്ടെയ്നർ കപ്പൽ സർവീസ് നിലച്ചു

beporebepore

കടൽ മാർഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കൊച്ചി-ബേപ്പൂർ കണ്ടെയ്നർ കപ്പൽ സർവീസ് അനിശ്ചിതത്വത്തിൽ.
കുറഞ്ഞ ചെലവിൽ മലബാറിലേക്ക് ചരക്ക് നീക്കം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ബേപ്പൂർ തുറമുഖത്ത് ആരംഭിച്ച സർവീസാണ് മൂന്നു മാസമായി നിലച്ചിരിക്കുന്നത്. കരാർ കമ്പനി പിന്മാറിയതാണ് പ്രതിസന്ധിക്ക് കാരണമായി അധികൃതർ പറയുന്നത്. ബേപ്പൂരിൽ നിന്ന് നേരിട്ട് വിദേശ കണ്ടെയ്നർ സർവീസ് ആരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കപ്പൽ കമ്പനിയുടെ പിന്മാറ്റം. പുതിയ കരാർ കമ്പനിയെ കണ്ടെത്തി സർവീസ് ഉടൻ പുനരാരംഭിക്കുമെന്നാണ് തുറമുഖ വകുപ്പിന്റെ വിശദീകരണമെങ്കിലും എന്ന് സാധിക്കുമെന്ന കാര്യത്തിൽ കൃത്യമായ മറുപടിയില്ല.
സംസ്ഥാന തീരത്ത് നിന്നും മാരിടൈം ബോർഡ് ആരംഭിച്ച ചരക്ക് സർവീസിൽ ഒമ്പത് മാസം കൊണ്ട് കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ മേജർ തുറമുഖമായ കൊച്ചിയുമായി ബന്ധിപ്പിച്ചു നടത്തിയ 43 സർവീസുകളിലായി 3,330 കണ്ടെയ്നറുകൾ ഇതിനകം കൈകാര്യം ചെയ്തിട്ടുണ്ട്.
ബേപ്പൂർ, അഴീക്കൽ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആരംഭിച്ച ‘ഗ്രീൻ ഫ്രൈറ്റ് കോറിഡോർ‑2’ എന്ന പേരിൽ തുടക്കമിട്ട സർവീസാണിത്. 20 അടി നീളമുള്ള 106 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്. 2021 ജൂൺ 24ന് കൊച്ചിയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
ജൂലൈ ഒന്നിനാണ് ബേപ്പൂരിൽ ആദ്യ കണ്ടെയ്നർ കപ്പലെത്തിയത്. എന്നാൽ രണ്ടുമാസത്തിന് ശേഷം കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. അതേസമയം ബേപ്പൂരിൽനിന്നുള്ള കണ്ടെയ്നർ കപ്പൽ സർവിസ് നിർത്തിയത് തുറമുഖത്തിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കടുത്ത തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെന്നും തുറമുഖവകുപ്പ് അധികൃതർ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Kochi-Bey­pur con­tain­er ship ser­vice stopped

You may like this video also

Exit mobile version