Site iconSite icon Janayugom Online

ഇലന്തൂർ നരബലി കേസിൻറെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി

ഇലന്തൂർനരബലി കേസിൻറെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പൊലീസ് തയാറാക്കി. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസിൽ 150 സാക്ഷികളുമുണ്ട്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളുമാണ് അന്വേഷണസംഘത്തിൻറെ മുന്നിലുള്ളത്. കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച നരബലി സംഭവത്തിൽ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നു. 

തമിഴ്നാട് സ്വദേശിനി പദ്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയാറായത്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി നരബലി നടത്താമെന്നും മനുഷ്യമാസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റു രണ്ട് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദാ ഷാഫിയാണ് ഒന്നാം പ്രതി.പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഡാലോചന തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധിക്കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്.

വിചാരണയിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അപൂർവങ്ങളിൽ അപൂർ‍വമായ കേസെന്നും അന്തിമ റിപ്പോർട്ടിലുണ്ട്. പദ്മയെ കൊലപ്പെടുത്തിയ ശേഷം മുഖ്യ പ്രതി ഷാഫിയുടെ പ്രേരണയിൽ മനുഷ്യമാംസം കറിവെച്ച് കഴിച്ചതാണ് വധശിക്ഷ കിട്ടാവുന്ന അപൂർവ സംഭമായി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. കേസിൻറെ വിചാരണയ്ക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുളള പ്രാരംഭ നടപടികളും പൊലീസ് തുടങ്ങിയിട്ടുണ്ട്. ജനുവരി രണ്ടാം വാരം പ്രതികൾ അറസ്റ്റിലായി 90 ദിവസം തികയുമെന്നതിനാലാണ് പുതുവർഷത്തിൻറെ ആദ്യ ആഴ്ചയിൽത്തന്നെ കുറ്റപത്രം നൽകുന്നത്.

Eng­lish Summary:
Kochi City Police has pre­pared the first charge sheet in the Ilan­tur human sac­ri­fice case

You may also like this video:

Exit mobile version