Site iconSite icon Janayugom Online

കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ് : വി ഡി സതീശന് നേരെ ഒളിയമ്പുമായി മാത്യു കുഴല്‍നാടന്‍

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസില്‍ വന്‍ പ്രതിഷേധം .നിരവധി നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നു.മൂവാറ്റുപുഴ എംഎല്‍എ കൂടിയായ മാത്യു കുഴല്‍ നാടനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. സതീശന്റെ ഏറ്റവും അടുത്ത ആളായ എറണാകുളം ഡിസിസി പ്രസിഡ‍ന്റാണ് ദീപ്തിയെ മേയര്‍ ആക്കാതിരിക്കുന്നതിനു പിന്നിലെ ചരടുകള്‍ വലിച്ചചതെന്നാണ് കോണ്‍ഗ്രസില്‍ പൊതുവേ അഭിപ്രായം ശക്തമാണ്. സതീശന്റെ മൗനാനുവാദം ഇല്ലാതെ ഇതു നടക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നു. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിശ്വസ്തയാണ് ദീപ്തി . അത് സംസ്ഥാനത്തെ പരമ്പരാഗത എ , ഐ ഗ്രൂുപ്പുകള്‍ക്ക് അവരോടുള്ള എതിര്‍പ്പിന് കാരണവും. 

പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ പദവികളിലും ഭൂരിപക്ഷ അടിസ്ഥാനത്തിലാണ് ആളുകള്‍ ഇരിക്കുന്നതെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്, ഭൂരിപക്ഷമാണ് തീരുമാനങ്ങളുടെ മാനദണ്ഡമെങ്കില്‍ ഇനിയങ്ങോട്ട് എല്ലാത്തിലും അങ്ങനെ തന്നെ ആവണം മാനദണ്ഡമെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കി ആയിരുന്നല്ല കോണ്‍ഗ്രസ് തീരുമാനം എടുത്തിരുന്നത്. പ്രതിപക്ഷ നേതാവിന് ചുമതലയുള്ള സ്ഥലമാണ് കൊച്ചി. ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് വേറൊരു നീതി എന്നത് പറ്റില്ല. ജനാധിപത്യത്തില്‍ തീരുമാനം എടുക്കേണ്ടത് നേതൃത്വം ആണ്. പാര്‍ട്ടിയെ ആര്‍ക്കും പോക്കറ്റില്‍ ഇട്ടു കൊണ്ടുപോകാന്‍ ആകില്ല. പ്രതിപക്ഷ നേതാവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ആണ്’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതെല്ലാം വി ഡി സതീശനു നേരെയുള്ള കൂരമ്പുകളാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് രണ്ടാമതും അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഒരു തവണ കൂടി രമേശ് ചെന്നിത്തല അവസരം ചോദിച്ചു. അന്ന് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതു അംഗീകരിച്ചു. 

കോണ്‍ഗ്രസിലെ ഭൂരിപക്ഷം എംഎല്‍എമാരും രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന നിലപാടാണ് സ്വീകിരച്ചതെന്നും, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചെന്നിത്തലയ്ക്ക് ആയിരുന്നു ഭൂരിപക്ഷവും എന്നാല്‍ അത് അട്ടിമറിച്ചാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി അവരോധിച്ചത്. കെ സി വേണുഗോപാലായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും, അതാണ് ഇപ്പോള്‍ കുഴല്‍നാടന്‍ ചോദ്യം ചെയ്തിരിക്കുന്നത്. അന്ന് ഭൂരപക്ഷം നോക്കിയിരുന്നെങ്കില്‍ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടര്‍ന്നേനെ എന്ന മുന്നറിയിപ്പുമാണ് സതീശന് കുഴല്‍ നാടന്‍ നല്‍കുന്നത്. ദീപ്തി മേരി വര്‍ഗ്ഗീസ് ഒത്തിരി പ്രയാസങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും സഹിച്ചാണ് ഈ കടമ്പ കടന്നുപോയതെന്ന് മാത്യു കുഴല്‍നാടന്‍ പറയുന്നു. ഒരു വനിതാ നേതാവ് കെഎസ്‌യു കാലഘട്ടം മുതല്‍ ഇത്രയും വര്‍ഷമായി പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും നില്‍ക്കുകയെന്ന് പറയുന്നത് ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദീപ്തി യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നിരയില്‍ പ്രവര്‍ത്തിച്ചതാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇഷ്ടം തോന്നുന്ന, വൈകാരിക അടുപ്പം തോന്നുന്ന വനിതാ നേതാക്കള്‍ പാര്‍ട്ടിക്കകത്തുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ദീപ്തി ഇവരൊക്കെ തന്നെ പോരാളികളാണ്. അവരോടൊക്കെ ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു വികാരമുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാകാലങ്ങളായി പാര്‍ട്ടിക്കൊപ്പം നിന്ന് പാര്‍ട്ടിയിലെ എല്ലാ പ്രയാസങ്ങളിലും സമരങ്ങളിലും ലാത്തിച്ചാര്‍ജില്‍ നിന്നുമെല്ലാം വരുന്നവര്‍ക്ക് പാര്‍ലമെന്ററി രംഗത്തേക്ക് വരുമ്പോള്‍ പരിഗണന നല്‍കണമെന്ന തീരുമാനമുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന, അതി ദീര്‍ഘകാലമായി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വനിതാ വ്യക്തിത്വം എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ താല്‍പര്യം ദീപ്തിയായിരുന്നു. അവര്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. ഞാനും പലവട്ടം സമാനമായ അനുഭവത്തിലൂടെ കടന്നു പോയയാളാണ്എന്നും കുഴല്‍ നാടന്‍ അഭിപ്രായപ്പെട്ടു

Exit mobile version