കൊച്ചി മെട്രോ വികസനകുതിപ്പിൽ. എല്ലാ ട്രെയിനുകളിലും ഇന്ന് മുതൽ സൗജന്യ വൈഫൈ സേവനം ലഭ്യമായി. ആലുവ മുതൽ തൃപ്പൂണിത്തുറ എസ് എൻ ജങ്ഷൻ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാർക്ക് ഇനി മുതൽ ജോലി ചെയ്യുകയോ വിനോദപരിപാടികൾ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സർവീസ് ഉദ്ഘാടനം ചെയ്ത് കെഎംആർഎൽ എം ഡി ലോകനാഥ് ബെഹ്റ പറഞ്ഞു.
നിലവിൽ 4ജി നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന വൈഫൈ 5ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആർഎൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്ഷോർ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങൾ എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. മൊബൈലിൽ വൈഫൈ ബട്ടൺ ഓൺ ചെയ്തതിനു ശേഷം ‘KMRL Free Wi-Fi’ സെലക്ട് ചെയ്ത് പേരും മൊബൈൽ നമ്പരും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് വൈഫൈ സേവനം ഉപയോഗിക്കാം. ഉദ്ഘാടനത്തിന് ശേഷം കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ എസ്എൻ ജങ്ഷൻ വരെ മെട്രോയിൽ യാത്ര ചെയ്ത് യാത്രക്കാരുമായി വൈഫൈ സേവനത്തെ കുറിച്ച് എംഡി വിശദമാക്കുകയും ചെയ്തു.
English Summary:Kochi Metro Free Wi-Fi on trains
You may also like this video