Site icon Janayugom Online

10 രൂപയുടെ ഊണ്..മനം നിറയ്ക്കും നഗരസഭയുടെ സമൃദ്ധി ഹോട്ടല്‍

കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലില്‍ തിരക്കോട് തിരക്ക്. സമൃദ്ധി @ കൊച്ചി ഹോട്ടല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച ആദ്യദിനം തന്നെ ഭക്ഷണം കഴിക്കാനെത്തിയവരുടെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. എറണാകുളം പരമാര റോഡില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്ര ഹോട്ടല്‍ കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാതാരം മഞ്ജു വാര്യരാണ് ജനകീയ ഹോട്ടല്‍ നാടിന് സമര്‍പ്പിച്ചത്.

ഇന്നലെ 12 മണിയോടെ തന്നെ ഊണ് കഴിക്കാനായി ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഒരു മണിക്ക് തന്നെ ഊണ് വിളമ്പി തുടങ്ങി. ആദ്യം പത്ത് രൂപ പണം അടച്ച് ഊണിനുള്ള കൂപ്പണ്‍ മേടിക്കണം. അടുത്ത കൗണ്ടറില്‍ ഈ കൂപ്പണ്‍ നല്‍കി ഊണ് മേടിക്കാം. ആദ്യദിനമായ ഇന്നലെ മൊഴുക്ക്പുരട്ടിയും സാമ്പറും രസവും പപ്പടവും നെല്ലിക്ക അച്ചാറുമെല്ലാം അടങ്ങിയതായിരുന്നു മെനു. കഴിച്ചവര്‍ക്കെല്ലാം ഒരോ അഭിപ്രായം ‘സൂപ്പര്‍’. പലരും സെല്‍ഫിയുമെടുത്താണ് മടങ്ങിയത്. അടുത്ത ആഴച്ചയോടെ പ്രഭാത‑സായാഹ്ന ഭക്ഷണ വിതരണവും ആരംഭിക്കുന്നതോടെ തിരക്ക ഇരട്ടിയാകുമെന്ന് നഗരസഭാ അധികാരികള്‍ കണക്ക്കൂട്ടുന്നു. 

മിതമായ നിരക്കില്‍ എല്ലാവര്‍ക്കും ഭക്ഷണമെന്ന ആശയംമുന്‍നിര്‍ത്തി വിശപ്പ് രഹിത കൊച്ചി പദ്ധതിയുടെ ഭാഗമായാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കാലതാമസമില്ലാതെ ആരംഭിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് നല്‍കിയ 20 ലക്ഷം രൂപ മുടക്കിയാണ് ജനകീയ ഹോട്ടലിന്റെ അടുക്കള തയാറാക്കിയത്. കോര്‍പ്പറേഷനിലെ കുടുംബശ്രീയില്‍ നിന്നുള്ള 14 വനിതകള്‍ക്കാണ് നടത്തിപ്പ് ചുമതല. പത്ത് രൂപയുടെ ഊണില്‍ ചോറ്, സാമ്പാര്‍, മറ്റ് രണ്ട് കറികള്‍, അച്ചാര്‍ എന്നിയാണ് അടങ്ങിയിട്ടുള്ളത്. പാഴ്‌സല്‍ വാങ്ങുന്നതിന് 15 രൂപ നല്‍കിയാല്‍ മതി. മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള വിഭവങ്ങളും അടുത്ത ദിവസംമുതല്‍ മിതമായ നിരക്കില്‍ ലഭ്യമാകും. 1500 പേര്‍ക്കുളള ഭക്ഷണമാണ് ആദ്യഘട്ടത്തിലുണ്ടാക്കുന്നത്. ഇത് പിന്നീട് 3000 ആയി വര്‍ദ്ധിപ്പിക്കും. നിലവില്‍ 30 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Eng­lish Sum­ma­ry : kochi munic­i­pal cor­po­ra­tion sam­rud­hi hotel

You may also like this video :

Exit mobile version