Site iconSite icon Janayugom Online

കൊച്ചി കപ്പല്‍ശാല രാജ്യത്തിന്റെ അഭിമാനം: പ്രധാനമന്ത്രി

കൊച്ചിൻ ഷിപ്പ്‌യാർഡിൽ തുടക്കമിട്ട നാലായിരം കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം. 10 വർഷത്തിനിടെ രാജ്യം ഷിപ്പിങ്ങ് മേഖലയിൽ വൻ നേട്ടമുണ്ടാക്കി. ചരക്കുകപ്പലുകൾക്ക് തുറമുഖങ്ങളില്‍ കാത്തുകിടക്കേണ്ട സാഹചര്യം ഒഴിവായി. രാജ്യം ഷിപ്പ് റിപ്പയറിങ്ങിലെ പ്രധാന സെന്റർ ആയി മാറുകയാണ്. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കും. കൊച്ചി വാട്ടർ മെട്രോക്കുള്ള വെസലുകള്‍ കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ചു. മെട്രോ ബോട്ടുകൾ നിർമ്മിച്ചതിന് കപ്പല്‍ശാലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

എൽഎൻജി വെസലുകൾ, ഡ്രിൽ ഷിപ്പുകൾ, വലിയ മണ്ണുമാന്തി കപ്പലുകൾ, വിമാന വാഹിനികൾ തുടങ്ങിയവയുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും നടത്താൻ കഴിയുന്ന വിധമാണ് മൂന്നാമത് ഡ്രൈ ഡോക്ക് സംവിധാനം കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ നിന്ന് എത്തുന്ന കപ്പലുകളുടെ റിപ്പയറിങ് ജോലികൾക്കായി രാജ്യാന്തര റിപ്പയറിങ് കേന്ദ്രവും കൊച്ചി വെല്ലിങ്ടൺ ദ്വീപിൽ പ്രവർത്തനം ആരംഭിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെ വിഴിഞ്ഞം രാജ്യന്തര കണ്ടെയ്‌നർ ടെർമിനൽ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ കപ്പൽ നവീകരണവും അനുബന്ധ പ്രവർത്തിയും കൊച്ചിൻ ഷിപ്പ്‌യാർഡിലാകും നടക്കുക.
തൃപ്രയാർ ക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും സന്ദർശനം നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരും പങ്കെടുത്തു.

Eng­lish Summary;Kochi Ship­yard is nation’s pride: PM
You may also like this video

Exit mobile version