Site iconSite icon Janayugom Online

കൊടകര കുഴൽപ്പണം: തുടരന്വേഷണത്തിന് പുതിയ സംഘം

കൊടകര കുഴൽപ്പണ കേസിന്റെ തുടരന്വേഷണത്തിന് പുതിയ സംഘത്തെ ഡിജിപി നിയോ​ഗിച്ചു. കൊച്ചി ഡിസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള എട്ട് അം​ഗ സം​ഘമാണ് കേസ് അന്വേഷിക്കുക. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്‌പി വി കെ രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും. ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. തുടരന്വേഷണം നടത്താമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി പൊലീസിന് നിയമോപദേശവും നല്‍കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആറ് ചാക്കുകളിലായി തൃശൂരിലെ ബിജെപി ഓഫിസിൽ കുഴൽപ്പണം എത്തിച്ചെന്നായിരുന്നു സതീശിന്റെ വെളിപ്പെടുത്തൽ. കോടതിയുടെ അനുമതിയോടെയാകും അന്വേഷണത്തിലേക്ക് കടക്കുക. നേരത്തെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു.
പുനരന്വേഷണത്തിന് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി ഹര്‍ജി ഫയല്‍ ചെയ്തു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കും. തിരൂർ സതീശിന്റെ മൊഴിയും രേഖപ്പെടുത്തും. തൃശൂരിലേക്കുള്ള പണം ഇറക്കിയശേഷം ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് കൊടകരയിൽ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്ന് സതീശ് തുറന്നുപറഞ്ഞിരുന്നു. 

Exit mobile version