ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ വിരാട് കോലി ഇനി ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഡോണ്‍ ബ്രാഡ്‌മാന്റെ ഒപ്പമെത്തും. നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ അവശേഷിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ സന്ദർശക രാജ്യത്ത് കൂടുതൽ സെഞ്ചുറി നേട്ടമെന്ന റെക്കോഡാണ് കോലിയെ തേടിയെത്തുക. 1930 മുതൽ 1948 വരെയുള്ള കാലയളവിൽ ഇംഗ്ലണ്ടിൽ 19 ടെസ്റ്റ് കളിച്ച ബ്രാഡ്‌മാൻ 11 സെഞ്ചുറികൾ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ മണ്ണില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 43 മത്സരങ്ങളാണ് കോലി കളിച്ചത്.
10 സെഞ്ചുറികള്‍ നേടി. ഏഴ് ടെസ്റ്റ് സെഞ്ചുറികളും മൂന്ന് ഏകദിന ശതകങ്ങളും. 2011 മുതല്‍ കോലി ഓസീസ് മണ്ണില്‍ കളിക്കാനെത്തുന്നു. ഇനി ഈ പരമ്പരയില്‍ തന്നെ രണ്ട് സെഞ്ചുറികള്‍ നേടിയാല്‍ ബ്രാഡ്‌മാന്റെ 76 വർഷം പഴക്കമുള്ള ലോക റെക്കോഡ് മറികടക്കാന്‍ കോലിക്കാകും. 2014ൽ മെൽബണിൽ നേടിയ 169 റൺസാണ് ഉയർന്ന സ്കോർ. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വിരാട് കോലി ടെസ്റ്റ് കരിയറിലെ 30-ാം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 81-ാം ശതകവും നേടിയിരുന്നു.