Site icon Janayugom Online

ദേശീയ പാത വികസനത്തിന്റെ മറവിൽ കൊക്കർണി ചിറ നികത്താൻ നീക്കം

ദേശീയ പാത വികസനത്തിന്റെ മറവിൽ പയ്യോളി അയനിക്കാട്ടെ കൊക്കർണി ചിറ നികത്താൻ നീക്കം. ദേശീയ പാത വികസനം വരുമ്പോൾ പോലും അത് ചിറയെ ബാധിക്കില്ലെന്നിരിക്കെയാണ് ഈ പേരും പറഞ്ഞ് ചിറ നികത്താൻ നീക്കം നടക്കുന്നത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വലിയ ചിറയാണ് ഇവിടുത്തെ കുടിവെള്ള പ്രശ്നമുണ്ടാവാതെ കാക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. വലിയ തോതിൽ നെല്ലുൽപ്പാദനം നടക്കുന്ന മേഖല കൂടിയാണിത്. തണ്ണീർത്തടം നികത്തിക്കഴിഞ്ഞാൽ പ്രദേശത്ത് രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമവും ഉണ്ടാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളാണ് ചിറ നികത്തുന്നതിന് പിന്നിലുള്ളതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ദേശീയ പാത വികസനത്തിന്റെ മറവിൽ സ്വകാര്യ വ്യക്തി ചിറ നികത്താൻ നടത്തുന്ന നീക്കത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം പ്രദേശത്ത് ഉയർന്നുവരുന്നുണ്ട്.
കൊക്കർണി ചിറ നികത്താൻ നടത്തുന്ന നീക്കത്തിനെതിരെ സി പി ഐയും രംഗത്തെത്തി. ചിറ നികത്തിയാൽ പ്രദേശത്ത് വലിയ തോതിലുള്ള കുടിവെള്ള ക്ഷാമം അനുഭവപ്പെടും. ചിറ നികത്താൻ അനുവാദം നൽകരുതെന്ന് സി പി ഐ പയ്യോളി ലോക്കൽ കമ്മിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പ്രസ്തുത തണ്ണീർത്തടം നികത്തുന്നതിനെതിരെ നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി പ്രവർത്തന രംഗത്തുണ്ട്. ലാഭേച്ഛ മാത്രം കണ്ടു കൊണ്ടുള്ള സ്വകാര്യവ്യക്തിയുടെ താല്പര്യങ്ങൾക്കെതിരായ നാട്ടുകാരുടെ പ്രക്ഷോഭത്തിന് സി പി ഐ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിൽ കെ സി സതീശൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ കെ അജിത്ത്, ലോക്കൽ സെക്രട്ടറി കെ ശശിധരൻ, ഇരിങ്ങൽ അനിൽകുമാർ, വി എം ഷാഹുൽ ഹമീദ്, പി എം ഭാസ്കരൻ സംസാരിച്ചു.

Exit mobile version