കൊളത്തറ റഹ്മാൻ ബസാറിൽ വൻ തീപിടുത്തം. റേഡിയന്റ് ചെരുപ്പു കമ്പനി കത്തി നശിച്ചു.ആറുകോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു . ആളപായമില്ല.ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റഹ്മാൻ ബസാറിലെ റഹ്മാൻ പാർക്കിനു സമീപമുള്ള റേഡിയന്റ് ഫുട് വെയർ കമ്പനിയിൽ തീയാളിപ്പടർന്നത്. മീഞ്ചന്ത, കോഴിക്കോട്, മുക്കം, തിരൂർ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളുടെ അതിസാഹസികമായ പരിശ്രമഫലമായാണ് രാവിലെ 6 മണിയോടെ തീ നിയന്ത്രണ വിധേയമായത്. പി വി സി പാദരക്ഷകളുടെയും ചെരുപ്പു നിർമ്മാണത്തിനാവശ്യമായ രാസവസ്തുക്കളുടെയും വൻശേഖരം ഇവിടെയുണ്ടായിരുന്നു. മാർക്ക് പാദരക്ഷാ ഗ്രൂപ്പിലെ റേഡിയന്റ് ഫുട് വെയർ, റേഡിയന്റ് മോൾഡ്സ് ആന്റ് കോമ്പൗണ്ട്സ് എന്നീ കമ്പനികളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കമ്പനിയിൽ സൂക്ഷിച്ചിരുന്ന പാദരക്ഷകളുടെ വൻശേഖരം , യന്ത്രോപകരണങ്ങൾ തുടങ്ങിയവയെല്ലാം കത്തിയമർന്നു.റഹ്മാൻ ബസാർ അങ്ങാടിക്കു സമീപമാണ് തീപിടുത്തമുണ്ടായ കമ്പനി. സമീപത്തുള്ള മറ്റു രണ്ടു കമ്പനികളിലേക്കും അങ്ങാടിയിലെ കടകളിലേക്കും തീ പടരാതിരിക്കാൻ ശ്രദ്ധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. വൈദ്യുത ഷോർട് സർക്യൂട്ടായിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊളത്തറ വെള്ളപ്പാലി ബിനേഷാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ .