തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കിടയിലും ഇലക്ടറല്‍ ബോണ്ടിലൂടെ 112.5 കോടി രൂപ സംഭാവന ചെയ്ത് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏവീസ് ട്രേഡിങ് ആന്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്. 2019 മുതല്‍ 23 വരെയുള്ള കാലഘട്ടത്തിലാണ് കമ്പനി ഇത്രയേറെ തുക സംഭാവന ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക വെബ്സൈറ്റോ ഇമെയില്‍ വിലാസമോ പോലും ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. വിലാസം പരിശോധിച്ചാല്‍ അഞ്ചു കമ്പനികള്‍ ഇതേ വിലാസത്തില്‍ ഉള്ളതായാണ് ഗൂഗിള്‍ കാണിക്കുന്നത്.
ഇതില്‍ ഒരു കമ്പനിയായ ബിപിസി ട്രേഡ്കോം പ്രൈവറ്റ് ലിമിറ്റഡ് ഇവീസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്. ഏവീസിന്റെ ഡയറക്ടറായ ഭാല്‍ ചന്ദ്ര ഖെയ്ത്താൻ എന്നയാള്‍ തന്നെയാണ് ഏവീസിന്റെ മാതൃ സ്ഥാപനമായ ടെക്നിക്കല്‍ അസോസിയേറ്റ്സ് ഇൻഫ്രാ പവര്‍ ലിമിറ്റഡിന്റെയും ഡയറക്ടര്‍ സ്ഥാനത്തുള്ളത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ടെക്നിക്കല്‍ അസോസിയേറ്റ്സ് ഇൻഫ്രാപവര്‍ ലിമിറ്റഡ് 2019–20ല്‍ നല്‍കിയ പ്രസ്താവനയനുസരിച്ച് 75.80 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുള്ളത്.
‘മറ്റ് ചെലവുക’ളില്‍ 80.16 കോടിയുടെ വര്‍ധന ഉണ്ടായതായും ഇതില്‍ 51.70 കോടി ഏവീസ് ട്രേഡിങ്സിന്റെ സാമ്പത്തിക നഷ്ടമാണെന്നും വ്യക്തമാക്കുന്നു. ഇക്കാലയളവിലാണ് ഏവീസ് 24 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയത്. 2019 ജൂലൈ ഒമ്പതിന് നാല് കോടിയുടെയും ഒക്ടോബര്‍ ഒന്നിന് 20 കോടിയുടെയും ബോണ്ടുകളാണ് ഏവീസ് വാങ്ങിയത്. ഇതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമല്ലെങ്കിലും ജൂലൈയില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും യഥാക്രമം 15.38 കോടിയുടെയും 15 കോടിയുടെയും ബോണ്ടുകള്‍ പണമാക്കി മാറ്റിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ഒക്ടോബറില്‍ ബിജെപി 185.18 കോടിയുടെയും തൃണമൂല്‍ 20 കോടിയുടെയും ബോണ്ടുകള്‍ പണമാക്കി യിട്ടുണ്ട്.
മാതൃസ്ഥാപനം 1.64 കോടി നഷ്ടമുണ്ടെന്ന് കാണിച്ച 2021 ഒക്ടോബറില്‍ 15 കോടിയുടെ ഇലക്ടറല്‍ ബോണ്ട് സംഭാവനയാണ് ഏവീസ് നല്‍കിയത്. അതേസമയം ഏവീസ് 1.02 കോടി ലാഭമുണ്ടാക്കിയതായും കണക്കുകള്‍ പറയുന്നു. 2022 ഡിസംബറില്‍ ബിജെപി 263.5 കോടിയുടെയും തൃണമൂല്‍ 182 കോടിയുടെയും ബോണ്ടുകള്‍ പണമാക്കി മാറ്റി. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഏവീസ് 13 കോടിയുടെ ബോണ്ടുകള്‍ സംഭാവന ചെയ്തു. ഇക്കാലത്ത് 29.14 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. ടെക്നിക്കല്‍ അസോസിയേറ്റ്സ് ഇൻഫ്രാപവറിന്റെ നഷ്ടം 42.09 കോടിയായും ഉയര്‍ന്നു. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ ഏവീസ് 60.5 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്.
ഏപ്രില്‍ ആറിന് 20 കോടിയുടെയും ഒക്ടോബര്‍ 10ന് 15.5 കോടിയുടെയും ഒക്ടോബര്‍ 12ന് 10 കോടിയുടെയും നവംബര്‍ 10ന് 15 കോടിയുടെയും ബോണ്ടുകള്‍ കമ്പനി വാങ്ങി. എന്നാല്‍ ടെക്നിക്കല്‍ അസോസിയേറ്റ്സ് ഇൻഫ്രാ പവറിന്റെ ഒമ്പതു മാസത്തെ നഷ്ടം 57.25 കോടിയായി ഉയര്‍ന്നു. ഏപ്രില്‍ 2023ല്‍ ബിജെപിയും തൃണമൂലും യഥാക്രമം 332.24 കോടിയുടെയും 18 കോടിയുടെയും ബോണ്ടുകള്‍ പണമാക്കി മാറ്റിയിട്ടുമുണ്ട്. 2023 ഒക്ടോബറിനും നവംബറിനും ഇടയില്‍ ബിജെപി 1,061 കോടിയും തൃണമൂല്‍ 18 കോടിയുമാണ് പണമാക്കിയത്.
English Summary: Kolkata-Based Avees Trading Contributes Rs 113 Crore to Electoral Bonds
You may also like this video