Site iconSite icon Janayugom Online

കൊൽക്കത്ത കൂട്ട ബലാത്സംഗക്കേസ്; രണ്ട് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു

പശ്ചിമ ബംഗാളിലെ സൗത്ത് കൊൽക്കത്ത ലോ കോളജിലെ കൂട്ടബലാത്സംഗക്കേസിൽ കുറ്റകൃത്യം നടന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചു. ലോ കോളജിലെ മുൻ വിദ്യാർഥിയായ മനോജ് മിശ്ര(31), നിയമ വിദ്യാർഥികളായ സായിബ് അഹ്മദ്(19), ​പ്രമിത് മുഖോപാധ്യായ്(20), കോളജ് സെക്യൂരിറ്റി ജീവനക്കാരനായ പിനാകി ബാനർജി(55) എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടക്കത്തിൽ അന്വേഷണത്തിനായി അഞ്ച് അംഗങ്ങൾ ഉൾപ്പെട്ടിരുന്ന എസ്‌.ഐ.ടി പിന്നീട് ഒമ്പത് അംഗങ്ങളായി വികസിപ്പിച്ചു. നാല് പ്രതികൾക്കെതിരെയും ബി.എൻ.എസ് പ്രകാരം കൂട്ടബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി. കൂടാതെ, പ്രതികളുടെ ഡി.എൻ.എ പരിശോധനകൾ, മെഡിക്കൽ പരിശോധനകൾ, ഫോറൻസിക് പരിശോധനകൾ എന്നിവയിൽ നിന്നുള്ള ഒന്നിലധികം റിപ്പോർട്ടുകളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.

ജൂൺ 15നാണ് രാജ്യത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. വിദ്യാർഥി സംഘടനയുടെ യോഗം കഴിഞ്ഞ ശേഷം കോളജിന് പുറത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു അതിജീവിത. എന്നാൽ മുഖ്യപ്രതി തടഞ്ഞുനിർത്തി. അതിനു ശേഷം സെക്യൂരിറ്റി ഗാർഡിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖ്യപ്രതി പെൺകുട്ടിയെ മർദിച്ചു. അതിനു ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഹോക്കിസ്റ്റിക്ക് കൊണ്ട് പെൺകുട്ടിയുടെ തലക്കടിച്ചു. ശേഷം ഒപ്പം ഉണ്ടായിരുന്നവരും പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. അതിന്റെ ദൃശ്യങ്ങളും പകർത്തിയാതായി പൊലീസ് അറിയിച്ചു.

Exit mobile version