Site iconSite icon Janayugom Online

കൊല്‍ക്കത്ത സുരക്ഷിത നഗരം; കൊച്ചി കുറ്റകൃത്യങ്ങളില്‍ മുന്നിലെന്ന് എന്‍സിആര്‍ബി

രാജ്യത്ത് ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നഗരമായി കൊൽക്കത്ത. 2023 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം, ഒരു ലക്ഷം പേരിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊൽക്കത്ത വീണ്ടും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി.
ഒരു ലക്ഷം പേരിൽ 83.9 കുറ്റകൃത്യങ്ങള്‍ മാത്രമാണ് നഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള 19 വലിയ നഗരങ്ങള്‍ പരിഗണിച്ചപ്പോഴാണിത്. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും മെച്ചപ്പെട്ട പൊലീസിങ്ങുമാണ് ഇതിന് കാരണമെന്ന് റിപ്പോർട്ട് പറയുന്നു.
കൊച്ചിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കുറ്റകൃത്യ നിരക്ക്. ഒരു ലക്ഷം പേരിൽ 3,192.4 കുറ്റകൃത്യങ്ങൾ, തൊട്ടുപിന്നിൽ ഡൽഹിയും സൂറത്തുമാണ്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവയാണ് മറ്റ് സുരക്ഷിത നഗരങ്ങൾ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും കൊല്‍ക്കത്തയില്‍ തുടർച്ചയായ രണ്ടാം വർഷവും കുറവ് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊൽക്കത്ത ഇന്ത്യയിലെ സുരക്ഷിത നഗരമായി തുടരുന്നു. തുടർച്ചയായ നാല് വർഷമായി കൊൽക്കത്ത ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന പദവി നിലനിർത്തിവരുകയാണ്. 

സ്ത്രീകള്‍ക്കെതിരായ ആക്രമണനിരക്ക് ഏറ്റവും കുറവുള്ള നഗരം ചെന്നൈയാണ് (17.3). തൊട്ടുപിന്നില്‍ കോയമ്പത്തൂരും (22.7). അതേസമയം കൊലപാതകങ്ങളുടെ എണ്ണം കൊല്‍ക്കത്തയില്‍ വര്‍ധിച്ചു. 2023 ല്‍ 43 കൊലപാതകങ്ങള്‍ നടന്നപ്പോള്‍ 2022 ല്‍ ഇത് 34 ആയിരുന്നു. ബംഗാള്‍ സംസ്ഥാനത്താകെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 1686 കൊലപാതക കേസുകളാണ്. കുറ്റകരമായ നരഹത്യ കേസുകളുടെ എണ്ണം 224 ഉം.
19 നഗരങ്ങളിലെ ശരാശരി കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു ലക്ഷം പേരില്‍ 828 ആണ്. ഹൈദരാബാദ് ആണ് കുറ്റകൃത്യ നിരക്ക് കുറവുള്ള രണ്ടാമത്തെ നഗരം. ഒരു ലക്ഷംപേരില്‍ ഇത് 332.3 ആണ്. പൂനൈയും (337.1) മുംബൈയും (355.4) ആണ് മറ്റ് സുരക്ഷിത നഗരങ്ങള്‍. കൊച്ചി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്ക് വേദിയാകുന്ന മറ്റ് നഗരങ്ങള്‍ ഡല്‍ഹിയും (2,105.3) സൂററ്റും (1,377.1) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version