Site iconSite icon Janayugom Online

കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസ്;  ദൃശ്യങ്ങൾ പകർത്തി വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി, കുറ്റപത്രം സമര്‍പ്പിച്ചു

കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജൂൺ 25ന് സൗത്ത് കൊൽക്കത്ത ലോ കോളജിൽ നടന്ന ബലാത്സംഗ കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ കോളജിലെ പൂർവ്വ വിദ്യാർഥിത്ഥിളായ മനോജിത് മിശ്ര, സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്നാണ് കേസ്. മുഖ്യപ്രതിയും തൃണമൂൽ കോൺഗ്രസ് മുൻ വിദ്യാർത്ഥി നേതാവുമായ മനോജിത് മിശ്രയെ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മനോജിത് കോളജിലെ താത്കാലിക ജീവനക്കാരൻ കൂടിയായിരുന്നു.

ഇവർക്ക് പുറമെ സുരക്ഷാ ജീവനക്കാരനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തി മുഖ്യ പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികൾ പെൺകുട്ടിയെ പീ‍‍ഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണത്തിനിടെ പൊലീസ് കണ്ടെടുത്തു. പ്രതികൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. മുഖ്യപ്രതി മനോജിത് മിശ്ര ഒന്നിലധികം ബലാത്സം​ഗ ദൃശ്യങ്ങൾ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായി 650 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന വിഡിയോകൾ കണ്ടെടുത്തിടുത്തിട്ടുണ്ട്. പെൺകുട്ടി അക്രമിക്കപ്പെടുന്നതറിഞ്ഞിട്ടും സുരക്ഷാജീവനക്കാരൻ ആരെയും അറിയിച്ചില്ല. ഇതുകൊണ്ടാണ് ഇയാളെയും പ്രതിചേർത്തത്.

 

Exit mobile version