Site icon Janayugom Online

ആന്ധ്രയിലെ ജില്ലയുടെ പേരുമാറ്റം; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

ആന്ധ്രാപ്രദേശില്‍ ജില്ലയുടെ പേര് മാറ്റിയ സംഭവത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചു. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് പറഞ്ഞു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് പൊതുഗതാഗതം നിർത്തലാക്കുകയും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തുകയും ചെയ്തു.

പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയ്ക്ക് അംബേദ്കറുടെ പേരു നല്‍കാനുള്ള നീക്കത്തെ തുടര്‍ന്നാണ് ആന്ധ്രാപ്രദേശില്‍ പ്രതിഷേധം ശക്തമായത്. മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവയ്ക്കുകയും ചെയ്തു.

ഗതാഗത മന്ത്രി വിശ്വരൂപിന്റെയും എംഎല്‍എ ആയ പൊന്നട സതീഷിന്റെയും വീടിനാണ് തീവച്ചത്. ആക്രമണത്തില്‍ മന്ത്രിയുടെ വീട്ടിലെ ഫര്‍ണീച്ചറുകളെല്ലാം കത്തി നശിച്ചു. വീടിനു പുറത്തുണ്ടായിരുന്ന വാഹനങ്ങളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. പൊലീസ്, സ്കൂള്‍ വാഹനങ്ങള്‍ക്കും തീയിട്ടു. സംഭവത്തില്‍ 20 പൊലീസുകാര്‍ക്കും 40ഓളം പ്രതിഷേധക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കൊനസീമ പരിരക്ഷണ സമിതി, കൊനസീമ സാധന സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ അമലാപുരം ടൗണിലാണ് പ്രതിഷേധം നടക്കുന്നത്. കിഴക്കന്‍ ഗോദാവരി ജില്ല വിഭജിച്ചാണ് കൊനസീമ ജില്ല രൂപീകരിച്ചത്.

ഈ മാസം പതിനെട്ടിന് ജില്ലയുടെ പേര് ബി ആര്‍ അംബേദ്കര്‍ കൊനസീമ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനു വേണ്ടി സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഈ നീക്കത്തിനെതിരെ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.

Eng­lish summary;Konaseema dis­trict renam­ing row:Sec 144 in place

You may also like this video;

Exit mobile version