കോന്നി മെഡിക്കൽ കോളേജ് ലാബിൽ രക്ത സാമ്പിൾ ശേഖരിക്കാൻ ബോട്ടിൽ ഇല്ലാത്തതിനാൽ സ്വകാര്യ ലാബുകളിൽ രോഗികളെ പറഞ്ഞയക്കുന്നതായി പരാതി. നൂറുകണക്കിന് രോഗികൾ എത്തുന്ന ലാബിൽ ആണ് ഈ അവസ്ഥ. എക്സ്റേ ഫിലിം രോഗികൾക്ക് പേപ്പറിൽ പൊതിഞ്ഞു കൊടുക്കുന്നതാണ് ഇവിടുത്തെ മറ്റൊരു രീതി. കാരണം അന്വേഷിച്ചപ്പോൾ എക്സ്റേ ഫിലിം കൊടുത്തയക്കാൻ കവറില്ല എന്നാണ് ജീവനക്കാരന്റെ മറുപടി. കുടുംബശ്രീ യുണിറ്റ് മുഖേനയാണ് ഇവിടേക്ക് കവർ എത്തിച്ചിരുന്നത്. എന്നാൽ മാസങ്ങളായി കവർ ഇവിടേക്ക് വന്നിട്ട്.
രോഗികൾ ബിൽ അടച്ച ശേഷം മണിക്കൂറുകൾ കാത്തിരുന്നു ലഭിക്കുന്ന എക്സ്റേ ഫലം വെറും കടലാസ്സിൽ പൊതിഞ്ഞു നൽകുകയാണ് ജീവനക്കാർ ഇപ്പോൾ. ലാബിൽ എത്തുന്നവരെ സ്വകാര്യ ലാബുകളിൽ പറഞ്ഞയക്കുന്നതും പതിവായി മാറുകയാണ്. പ്രായമായ ആളുകൾ ആണ് കൂടുതലും രക്ത പരിശോധനകൾക്കും മറ്റും എത്തുന്നത്. ഡോക്ടറുടെ കുറിപ്പടിയുമായി ലാബിൽ എത്തുന്ന രോഗികളെ കാത്തിരിക്കുന്നത് ബോട്ടിൽ ഇല്ലാത്തതിനാൽ ഈ പരിശോധന പുറത്തുപോയി ചെയ്യണം എന്ന ജീവനകാരുടെ മറുപടിയും. നിരവധി സാധാരണക്കാരായ ആളുകൾ ആണ് ആശുപത്രിയിൽ എത്തുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുറഞ്ഞ ചിലവിൽ ചെയ്യുന്ന ഈ പരിശോധനകൾ സ്വകാര്യ ലാബുകളിൽ വലിയ തുക ചിലവാക്കി വേണം ചെയ്യാൻ. ഇത് സാധാരണക്കാർക്ക് ഭാരിച്ച ചിലവാണ് സമ്മാനിക്കുന്നത്. കോന്നിയിലെ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിക്കാണ് ഈ ദുസ്ഥിതി. കോടികൾ മുടക്കി ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപെടുത്തുമ്പോൾ ഇത്തരം കാര്യങ്ങൾ അധികൃതർ മനഃപൂർവം വിസ്മരിക്കുന്നു എന്നാണ് പൊതു ജനങ്ങളുടെ ആക്ഷേപം.