കൂടത്തായി കൂട്ടക്കൊലക്കേസിൽ നാലുപേരുടെ കൂടെ മൃതദേഹാവശിഷ്ടങ്ങൾ വിശദമായ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ കോടതിയുടെ അനുമതി. പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ തോമസ്, അൽഫൈൻ ഷാജു, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിക്കാനാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അനുമതി നല്കിയത്. മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിൽ പരിശോധനയ്ക്ക് അയക്കാനുള്ള അപേക്ഷ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിഭാഗം ആരോപിച്ചിരുന്നു.
മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് റോയ് തോമസ്, രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവർ സയനനൈഡ് അകത്തുചെന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. മറ്റ് നാലുപേരുടെയും മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയാത്തതിനാലാണ് ആധുനിക സൗകര്യങ്ങളുള്ള കേന്ദ്ര ലാബിൽ പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ അനുമതി തേടിയത്. അതോടൊപ്പം ആൽഫൈൻ ഷാജു, ടോംതോമസ്, മഞ്ചാടിയിൽ മാത്യു വധക്കേസുകളിൽ ജോളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയതാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കൊലപാതക പരമ്പരയിലെ റോയ് തോമസ്, സിലി ഷാജു വധക്കേസുകളിൽ വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.
English Summary: Koodathayi Massacre case: Examination of the remains of four persons
You may like this video also