Site iconSite icon Janayugom Online

കൂടത്തായി കൂട്ടക്കൊലക്കേസില്‍ കൂറുമാറ്റം; സിപിഎം പ്രാദേശിക നേതാവ് ജോളിക്ക് അനുകൂലമൊഴി നൽകി

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിന്റെ വിസ്താരത്തിൽ ആദ്യ കൂറുമാറ്റം. കേസിലെ 155-ാം സാക്ഷി നായർകുഴി കമ്പളത്ത് പറമ്പ് വീട്ടിൽ പി പ്രവീൺ കുമാർ ആണ് പ്രതി ഭാഗത്തേക്ക് കൂറുമാറിയത്. കേസിലെ ഒന്നാം പ്രതിയായ ജോളിക്കും നാലാം പ്രതിയായ മനോജ് കുമാറിനും അനുകൂലമായാണ് പ്രവീൺ മൊഴി മാറ്റം നടത്തിയത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കുന്നതിന് ജോളി മനോജ് കുമാറിന്റെ സഹായത്തോടെ വ്യാജ രേഖ ചമച്ചെന്ന പൊലീസ് കണ്ടെത്തലിന്റെ ഭാഗമായുള്ള തെളിവെടുപ്പ് സമയത്തെ സാക്ഷിയാണ് പ്രവീൺ കുമാർ.

2019ൽ കേസന്വേഷണത്തിന്റെ ഭാഗമായി ജോളിയെയും മനോജ് കുമാറിനെയും വ്യാജരേഖ ചമച്ച സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ താനും സാക്ഷിയായിരുന്നുവെന്നാണ് പൊലീസ് മഹസറിൽ പ്രവീൺ കുമാർ ഒപ്പിട്ട് നൽകിയിരുന്നത്. എന്നാൽ ഇന്നലെ കോടതിയിൽ വിസ്താരം നടന്നപ്പോൾ പ്രവീൺ കുമാർ മൊഴി മാറ്റുകയായിരുന്നു. പൊലീസ് ജോളിയെയും മനോജ് കുമാറിനെയും തെളിവെടുപ്പിന് കൊണ്ടുവന്നത് താൻ കണ്ടിട്ടില്ലെന്നാണ് പ്രവീൺ മാറാട് പ്രത്യേക കോടതി മുമ്പാകെ ബോധിപ്പിച്ചത്. പൊലീസ് തന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ഏതോ കടലാസിൽ ഒപ്പിടാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് പ്രകാരം മഹസറിൽ താൻ ഒപ്പിടുകയായിരുന്നുവെന്നാണ് പ്രവീൺകുമാർ കോടതിയിൽ വ്യക്തമാക്കിയത്. പൊലീസ് നിർദ്ദേശിച്ചത് പ്രകാരം ഒപ്പിട്ടുവെന്നല്ലാതെ കടലാസിൽ എന്താണ് എഴുതിയിരുന്നതെന്ന് താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. 

അതേസമയം പ്രോസിക്യൂഷന്റെ എതിർ വിസ്താരത്തിൽ കേസിലെ പ്രതി മനോജ്കുമാറിനെ 15 വർഷമായി അടുത്തറിയാമെന്നും പ്രവീൺ കുമാർ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ, അഡീഷണൽ പ്രോസിക്യൂട്ടർ ഇ സുഭാഷ് എന്നിവർ ഹാജരായി. 

Eng­lish sum­ma­ry: koo­dathayi mur­der case-changed his stand in court
you may also like this video:

Exit mobile version