Site iconSite icon Janayugom Online

ഉദ്ഘാടനത്തിനൊരുങ്ങി കൂളിക്കാടവ് പാലം

മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂർ നഗരസഭയെയും ബന്ധിപ്പിച്ച് അഞ്ചരക്കണ്ടിപ്പുഴക്ക് കുറുകെ കൂളിക്കടവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനൊരുങ്ങി. 6.67കോടി രൂപ ചെലവിൽ നിർമിച്ച പാലം അടുത്തമാസത്തോടെ വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കും. 30 വർഷം മുമ്പാണ് കുഴിക്കൽ- മാണിക്കോത്ത് വയൽ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൂളിക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.

1998ൽ പാലം നിർമിക്കാനുള്ള പ്രാഥമിക നടപടികൾക്ക് തുടക്കമായി. 2011ൽ വി എസ് സർക്കാരിന്റെ കാലത്ത് പി ജയരാജൻ കൂത്തുപറമ്പ് എംഎൽഎ ആയിരിക്കെ പാലം നിർമാണത്തിന് 4.5 കോടി രൂപ അനുവദിച്ചു. എന്നാൽ സ്ഥലമേറ്റെടുക്കലിലെ കാലതാമസത്തെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനായില്ല. പിന്നീട് പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകുകയും കെ കെ ശൈലജ എംഎൽഎ ഇടപെട്ട്‌ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ഫണ്ട് അനുവദിച്ചു. 2023ൽ മന്ത്രി മുഹമ്മദ് റിയാസ് കല്ലിട്ടു. 6.67 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. 

മാണിക്കോത്ത് വയൽ മുതൽ കുഴിക്കൽവരെ മെക്കാഡം അപ്രോച്ച് റോഡും നിർമിച്ചു. പാലം തുറക്കുന്നതോടെ അയ്യപ്പൻതോട്, വട്ടിപ്രം, മൂന്നാംപീടിക ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്താം. കാര പേരാവൂർ, കയനി, മണക്കായ് ഭാഗത്തുള്ളവർക്ക് കൂത്തുപറമ്പ് ഭാഗത്തും എളുപ്പത്തിലെത്താം. ഈ മാസം അവസാനത്തോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 

Exit mobile version